രാത്രിയിൽ മദ്യപസംഘത്തിന്റെ വാഴ്ച: യാത്രക്കാർ ഭീതിയിൽ


വടക്കാഞ്ചേരി: നഗരസഭയുടെ കെ. കരുണാകരൻ സ്മാരക ബസ് സ്റ്റാൻഡ് രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ താവളം. നേരം ഇരുട്ടിയാൽ മദ്യപസംഘം കീഴടക്കുകയാണ് ബസ് സ്റ്റാൻഡും കാത്തിരിപ്പ് കേന്ദ്രവും.

പട്ടണത്തിൽ സംസ്ഥാനപാതയോട് സമീപമാണ് ബസ് സ്റ്റാൻഡ്. പകൽ നേരം അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർ രാത്രിയിൽ ഇവിടെ തമ്പടിക്കുകയാണ്. കൂട്ടമായിരുന്ന് മദ്യപിച്ച് ബഹളവും തെറിവിളിയുമാണ്. യാത്രക്കാർ ഇതുമൂലം ബസ് സ്റ്റാൻഡിലേക്ക് കടക്കാൻ തന്നെ ഭയക്കുന്നുണ്ട്.

നഗരത്തിലെ ടെക്‌സ്റ്റയിൽ ഷോപ്പുകളിലെ വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് കൂടുതൽ ദുരിതം അനുഭവിക്കുന്നത്. അടിയും ബഹളവും വലിയ സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും വരെ വരെ നീങ്ങുമോയെന്നാണ് ആശങ്ക. പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും കർശന നടപടി സ്വീകരിക്കണമെന്നുമാണ് വനിതകൾ അടക്കമുള്ളവരുടെ ആവശ്യം.