കൊടുങ്ങല്ലൂർ : ഡ്രൈവർമാരുടെ കുറവ് മൂലം കൊടുങ്ങല്ലൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ബസ് സർവീസുകൾ മുടങ്ങുന്നു. ദിവസവും രാവിലെ തൃശൂർ വഴി കോഴിക്കോട് പോയിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസും ഗോശ്രീ പാലം വഴി ചോറ്റാനിക്കരയിലേക്കുണ്ടായിരുന്ന സർവീസും ഡ്രൈവർമാരുടെ കുറവ് മൂലം ഏതാനും നാളുകളായി ഓടുന്നില്ല. തിരുവനന്തപുരത്തേക്ക് നേരത്തെ രണ്ട് സർവീസുകൾ ഉണ്ടായിരുന്നതിൽ ഒന്ന് നിലച്ചിരിക്കുകയാണ്. കഴിഞ്ഞ മാർച്ചിൽ ആരംഭിച്ച മൂന്ന് അന്തർ സംസ്ഥാന സർവീസുകളിൽ ഒന്നു മാത്രമാണ് നിലവിലുള്ളത്. കൊടുങ്ങല്ലൂർ-കോയമ്പത്തൂർ റൂട്ടിലാണ് സർവീസ് തുടരുന്നത്. പലപ്പോഴും ബദൽ ഡ്രൈവർമാരെ ഉപയോഗിച്ചാണ് സർവീസുകൾ നടത്തുന്നത്.
കൊടുങ്ങല്ലൂർ ഡിപ്പോയിൽ നിന്നും ഇപ്പോൾ 28 സർവീസുകളാണുള്ളത്. ഡിപ്പോയിൽ 60 ഡ്രൈവർമാർ വേണ്ടിടത്ത് 52 പേരാണുള്ളത്. 130 ജീവനക്കാരിൽ 15 ഡ്രൈവർമാർ ബദൽ ജീവനക്കാരുമാണ്. കഴിഞ്ഞ മാസം ഡിപ്പോയിൽ നിന്നും മൂന്ന് ഡ്രൈവർമാരും രണ്ട് കണ്ടക്ടർമാരും വിരമിച്ചതോടെ സർവീസുകൾ നടത്തിക്കൊണ്ടുപോകുന്നത് കൂടുതൽ ദുഷ്‌കരമായിരിക്കയാണ്. കുറെക്കാലമായി ഇവിടെ ആവശ്യത്തിന് ജീവനക്കാരില്ലെന്ന പരാതിയുണ്ട്. എന്നാൽ വിരമിച്ച ഡ്രൈവർമാരും കണ്ടക്ടർമാരും കരാറടിസ്ഥാനത്തിൽ തുടർന്നും ജോലി തയ്യാൻ തയ്യാറായിട്ടും വേതനം എപ്പോൾ ലഭിക്കുമെന്ന് ഉറപ്പില്ലാത്തതിനാൽ ജോലി ചെയ്യാൻ മടിക്കുകയാണ്.
വിനോദ സഞ്ചാര മേഖലയായ മൂന്നാറിലേക്ക് ഒരു സർവീസ് നടത്തുന്നുണ്ട്. കുമളി, വർക്കല, ശിവഗിരി മഠം എന്നിവിടങ്ങളിലേക്കും കൊടുങ്ങല്ലൂരിൽ നിന്നും സർവീസുണ്ട്. വരുമാനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കെ.എസ്.ആർ.ടി.സി ആരംഭിച്ച ബഡ്ജറ്റ് ടൂറിസം കൊടുങ്ങല്ലൂർ സെന്ററിൽ വിജയമായിരുന്നു. ആദ്യ മാസം തന്നെ നാല് ലക്ഷത്തോളം രൂപ ഇതുവഴി ഡിപ്പോയ്ക്ക് സമാഹരിക്കാൻ കഴിഞ്ഞു. ബഡ്ജറ്റ് ടൂറിസം ട്രിപ്പ് കൂട്ടി വരുമാനം വർദ്ധിപ്പിക്കാനാണ് തീരുമാനം. കരാറടിസ്ഥാനത്തിലെങ്കിലും കൂടുതൽ ഡ്രൈവർമാരെ നിയമിച്ച് സർവീസുകൾ സമയബന്ധിതമായി നടത്തി പ്രതിസന്ധിക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.
നിലച്ചത് അഞ്ച് സർവീസുകൾ