ch
പെരുമ്പിള്ളിശ്ശേരിയിലെ ജവഹർ തിയറ്റേഴ്സ് കെട്ടിടം

ചേർപ്പ് : ഒരുകാലത്ത് അമേച്വർ നാടകങ്ങളാൽ നിറഞ്ഞ് നിന്നിരുന്ന പടിഞ്ഞാറെ പെരുമ്പിള്ളിശ്ശേരിയിലെ ജവഹർ തിയറ്റേഴ്‌സ് ആളും ആരവവുമില്ലാതെ ഇന്ന് അനാഥം. 1963 കളിൽ പെരുമ്പിള്ളിശ്ശേരി ഉള്ളാണിശ്ശേരി ഭാസ്‌കരൻ, പി.കെ. ബാലകൃഷ്ണൻ, പി.എൻ.സി കുട്ടൻ എന്നിവരുടെ ശ്രമഫലമായി രൂപമെടുത്തതായിരുന്നു ജവഹർ തിയറ്റേഴ്‌സ്. അക്കാലത്ത് ഓടുമേഞ്ഞ തിയറ്റേഴ്‌സിലും പരിസരത്തും നാടകങ്ങൾ സജീവമായിരുന്നു. വാഴുന്നവർ വാഴട്ടെ, ബറാബസ് തുടങ്ങിയ ഒട്ടേറെ നാടകങ്ങൾ അരങ്ങേറിയ നാടകയിടം പിന്നിട് ചേർപ്പിലെയും പരിസര പ്രദേശങ്ങളിലെയും നാടക പ്രവർത്തകരുടെ കൂട്ടായ്മാകേന്ദ്രമായി. കാവിൽദേവ്, പി.എൻ.സി. കുട്ടൻ, ടി.വി. വാസുദേവൻ, അബു പാലിയത്ത്, പി.കെ. ലാൽ, രാമകൃഷ്ണൻ ചേർപ്പ്, മുകുന്ദൻ തെക്കത്ത് തുടങ്ങിയവർ നാടക അഭിനയരംഗത്തും അണിയറയിലും സജീവമായിരുന്നു.
സി.എൽ. ജോസ്, ജോസ് പായമേൽ തുടങ്ങിയവരുടെ നാടകങ്ങളും ഏറെ ഹിറ്റായിരുന്നു. വി.ഡി. രാജപ്പന്റെ അക്കഡി ഭാക്കരൻ ഹാസ്യ കഥാപ്രസംഗവും അന്ന് ഈ തിയറ്റർ പരിസരത്ത് നടന്നിരുന്നു. മുൻകാലങ്ങളിൽ സ്വാതന്ത്ര ദിനം, ഓണം, വിഷു, സമീപത്തെ ഭുവനേശ്വരി ക്ഷേത്ര ഉത്സവകാലങ്ങളിൽ വിവിധ നാടക കലാപരിപാടികളാൽ ജവഹർ തിയറ്റർ മുറ്റം കാണികളാൽ സമ്പന്നമായിരുന്നു. ചേർപ്പിലെ മികച്ച സംഘാടകനായിരുന്ന അന്തരിച്ച പി.സി. രാജൻ ജവഹർ തിയറ്റേഴ്‌സിന്റെ മുഖ്യപ്രവർത്തകനായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ആളൂക്കാരൻ ബെന്നിയുടെ നേതൃത്വത്തിൽ ഒരുപറ്റം യുവാക്കൾ തിയറ്റേഴ്‌സ് പുനുരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തി കോൺക്രീറ്റ് കെട്ടിടമാക്കി മാറ്റി. ഇരുപതിലേറെ പേർക്ക് ഇരിക്കാവുന്ന തിയറ്ററിൽ മേശ, കസേര, കലാ അംഗീകാരമായി ലഭിച്ച ട്രോഫികൾ തുടങ്ങിയ ഫർണീച്ചറുകൾ ഉണ്ടായിരുന്നു. കാരംസ്, ചെസ് കളികൾക്കായി കുട്ടികളും പ്രായമായവരും എത്തുമായിരുന്നു. നഷ്ടപ്രതാപം വീണ്ടെടുത്ത് ജവഹർ തിയറ്റേഴ്‌സ് വീണ്ടും സജീവമാകണമെന്നാണ് കലാപ്രേമികളുടെ ആഗ്രഹം. അതിനായി പഞ്ചായത്ത് ഉൾപ്പടെയുള്ള അധികാരികൾ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

നാശത്തിലേക്ക് വഴിവച്ചത് കലഹം
ചുമതല വഹിച്ചവർ പരസ്പരം കലഹിച്ചതോടെയാണ് പഞ്ചായത്ത് സ്ഥലത്ത് പ്രവർത്തിച്ചിരുന്ന ജവഹർ തിയറ്റേഴ്‌സിന്റെ പ്രവർത്തനം നിലച്ചത്. ഏകദേശം 20 വർഷം മുമ്പായിരുന്നു അത്. വൈദ്യുതി കൺക്ഷൻ വിച്ഛേദിക്കപ്പെട്ടു. പ്രദേശം പുല്ല് വളർന്ന് കാടായി മാറി. ഇതിനിടെ പഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിൽ ശേഖരിക്കുന്ന മാലിന്യചാക്കുകൾ അടുക്കിവയ്ക്കാനുള്ള ഇടവുമായി മാറി.

70 കളിലും 80 കളിലും സജീവമായിരുന്ന നാടക കലാകാരൻമാർ അമേച്വർ നാടകങ്ങൾ അവതരിപ്പിച്ച ഇടമായിരുന്നു ജവഹർ തിയറ്റേഴ്‌സ്. തിയറ്റർ അന്യമായതിൽ വേദനയും വിഷമവും
- വി. ദേവൻ
(ആദ്യകാല നാടക നടൻ)