ചേർപ്പ് : അധികൃതരുടെ അനാസ്ഥ മൂലം ചേർപ്പ് പഞ്ചായത്ത് ഒമ്പതാം വാർഡിലെ അങ്ങാടിക്കുളം കാട് പിടിച്ച് നശിക്കുന്നു. പായലും ചണ്ടിയും പുൽക്കാടും നിറഞ്ഞ് കുളത്തിലെ വെള്ളം ഉപയോഗ ശൂന്യമായ അവസ്ഥയിലാണ്. വർഷങ്ങളായി നാട്ടുകാർ കുളിക്കുന്നതിനും മറ്റും ഉപയോഗിച്ചിരുന്ന കടുത്ത വേനലിലും വറ്റാത്ത ജലസമൃദ്ധിയുള്ള കുളമാണ് അധികൃതരുടെ അവഗണനയിൽ നശിക്കുന്നത്. ജീർണാവസ്ഥയിലായിരുന്ന കുളം ലക്ഷങ്ങൾ ചെലവഴിച്ചാണ് പഞ്ചായത്ത് പുനർനിർമ്മിച്ചത്. കുളത്തിന്റെ ഇരുവശങ്ങളിലെയും ബണ്ട് ലക്ഷങ്ങൾ ചെലവഴിച്ച് കരിങ്കൽകെട്ടി പുനർനിർമ്മിച്ചിരുന്നു. എന്നാൽ മാസങ്ങൾക്കുള്ളിൽ ശേഷം കുളത്തിന്റെ കരിങ്കൽ കെട്ടിയ പല ഭാഗങ്ങളും തകർന്നു. കുളത്തിന്റെ കരിങ്കൽ ഭിത്തിയോട് ചേർന്ന് പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നെടുത്ത മണ്ണ് തള്ളിയതിനാൽ കരിങ്കല്ല് കെട്ടി ഉയർത്തിയ ഭാഗങ്ങൾ തകരുകയായിരുന്നു. ഊരകം പെരുവനംചിറ ഭാഗത്തേക്ക് പോകുന്ന വഴിയിലുള്ള ഈ കുളത്തിന് സമീപത്തു കൂടെ ഒട്ടേറെ വാഹനങ്ങൾ ദിവസേന കടന്നു പോകുന്നുണ്ട്. ചുറ്റുമതിൽ വീണ്ടും ഇടിയാതിരിക്കാൻ കോൺക്രീറ്റ് കൊണ്ട് ബെൽറ്റ് പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ അത് ഗൗനിച്ചില്ലെന്നും പഞ്ചായത്ത് എൻജിനിയറുടെ മേൽനോട്ടത്തിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ അശാസ്ത്രീയമാണെന്നുമാണ് ഉയരുന്ന ആരോപണം. അങ്ങാടിക്കുളം അടിയന്തരമായി പുനരുദ്ധരിക്കണമെന്നാണ് ഉയരുന്ന ജനകീയാവശ്യം.
ചണ്ടിയും പായലും നീക്കി കുളം ഉപയോഗപ്രദമാക്കും. മഴ മൂലം ചണ്ടി നീക്കാൻ തൊഴിലാളികളെ കിട്ടാത്തതാണ് കുളം വൃത്തിയാക്കൽ നടപടികൾ വൈകുന്നത്. നവീകരിച്ച കുളത്തിന് തകർച്ച സംഭവിച്ചിട്ടില്ല.
-സുജീഷ കള്ളിയത്ത്
(ചേർപ്പ് പഞ്ചായത്ത് പ്രസിഡന്റ്)