ചാലക്കുടി: തിരുവാതിര ഞാറ്റുവേലയ്ക്ക് വിളകൾ നട്ടതല്ല, ഇത് ആത്മരോഷം..! പോട്ട അലവി സെന്റർ കലിക്കൽ റോഡിലെ കുഴികളിലെല്ലാം വാഴത്തൈകൾ നട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. കുണ്ടും കുഴിയുമായി സഞ്ചാരയോഗ്യമല്ലാതായ റോഡിന് ശാപമോക്ഷം വേണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം.
റോഡിലെ 500 മീറ്റർ ദൂരത്ത് പലയിടത്തായി വാഴത്തൈകൾ ഉൾപ്പെടെയുള്ള കാർഷിക വിളകളാണ് നട്ടത്. ചാലക്കുടി നഗരസഭയുടെ അഞ്ചാം വാർഡിലൂടെ കടന്നുപോകുന്ന റോഡാണിത്. മറുഭാഗത്ത് കോടശ്ശേരി പഞ്ചായത്തിന്റെ പരിധിയാണ്. നഗരസഭയുടെ അധികാര പരിധിയിലുള്ള റോഡ് വർഷങ്ങളായി അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. 2018ലെ പ്രളയത്തിനു മുമ്പാണ് ചെറിയതോതിൽ കുഴികൾ അടച്ചത്.
അപകടം പതിയിരിക്കുന്ന കുഴികളും മെറ്റലുകൾ പുറത്തുവന്ന തോടുകളുമാണ് റോഡിന്റെ വിവിധ ഭാഗങ്ങളിൽ. മഴവെള്ളം ഒലിച്ചു പോകാൻ കാനയില്ലാത്തതാണ് പ്രധാന പ്രശ്‌നം. താഴ്ന്ന ഭാഗങ്ങളിൽ വെള്ളം കെട്ടിക്കിടന്ന് റോഡ് നശിക്കുന്നതിനെക്കുറിച്ച് നാട്ടുകാർ പലവട്ടം പരാതിപ്പെട്ടെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ലെന്നാണ് ആക്ഷേപം.
സ്വകാര്യ ബസുകളടക്കം നിരവധി വാഹനങ്ങൾ ഇതു വഴി സഞ്ചരിക്കുന്നുണ്ട്. സ്‌കൂൾ വാഹനങ്ങളും നൂറകണക്കിന് ഇരു ചക്ര വാഹനങ്ങളും ഓടുന്നുണണ്ട്. ഇതെല്ലാം പരിഗണിച്ചാണ് അധികൃതരുടെ കണ്ണുതുറപ്പിക്കാനുള്ള നാട്ടുകാരുടെ വ്യത്യസ്തമായ സമരമുറ. മറ്റു പ്രക്ഷോഭങ്ങളിലേക്ക് കടക്കുന്നില്ലെന്നും ഈ പ്രതിഷേധം അധികൃതരുടെ കണ്ണ് തുറപ്പിക്കുമെന്നാണ് സമരക്കാരുടെ പക്ഷം.
കലിക്കൽ റോഡിന്റെ മുകൾ ഭാഗത്തെ കുന്നിൽ നിന്നും കുതിച്ചെത്തുന്ന മഴവെള്ളം ഇവിടെ കെട്ടിക്കിടക്കുകയാണ്. റോഡിന്റെ തകർച്ചയ്ക്ക് ഇത് കാരണമാകുന്നുണ്ട്.
- കെ.എൻ. സുകുമാരൻ, പരിസരവാസി