mara

ചേലക്കര: സ്വന്തം പറമ്പിലെ മരത്തിൽ വവ്വാലുകൾ വന്നു കൂടിയപ്പോൾ വൃദ്ധരായ പള്ളം ആനക്കാട്ടു വീട്ടിൽ ജാനകിയമ്മയും നാരായണൻ ചേട്ടനും ഇത്രമാത്രം ഒറ്റപ്പെടുമെന്ന് വിചാരിച്ചില്ല. പറമ്പിലുള്ള പൂമരത്തിൽ രണ്ട് മാസം മുമ്പ് വന്നുകൂടിയ കുറച്ചു വവ്വാലുകളാണ് ഇപ്പോൾ പെരുകി ആയിരത്തിലധികമായത്.

വവ്വാലിന്റെ ശല്യത്താൽ അയൽക്കാർ പോലും വീട്ടിലേക്ക് വരാതായി. ചെറുതുരുത്തിയിൽ നിന്നും ദേശമംഗലം പഞ്ചായത്തിലേക്ക് പോകുന്ന പള്ളം വഴിയിലുള്ള ഇവരുടെ പറമ്പിലെ മരത്തിലാണ് വവ്വാലുകളുടെ കൂട്ടത്തോടെയുള്ള താമസം. രാത്രിയും പകലും വവ്വാലുകളുടെ ചിറകടികളും കൂട്ടക്കരച്ചിലും, പഴയ സിനിമകളിലെ പേടിപ്പിക്കുന്ന രംഗങ്ങളെ ഓർമ്മിപ്പിക്കും.

ഇവരുടെയും ജീവിതമാർഗമായ റബ്ബർ തോട്ടങ്ങളും വവ്വാലുകൾ കൈയേറിയതോടെ റബർ ടാപ്പിംഗിന് പോലും ആളെ കിട്ടാത്ത സ്ഥിതിയായി. ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിലും പഞ്ചായത്തിലും പരാതിപ്പെട്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ ഒന്നും ചെയ്യാനാകില്ലെന്ന നിലപാടാണ് അവർക്കും. നിപ്പ പോലുള്ള അസുഖങ്ങൾ പടർന്നുപിടിക്കാൻ സാദ്ധ്യതയുണ്ടെന്ന വിലയിരുത്തലുമുണ്ട്.

മരങ്ങൾ വെട്ടിക്കളയാം എന്നാണെങ്കിൽ ജീവിതമാർഗമായ റബർ മരങ്ങളും വെട്ടേണ്ട അവസ്ഥയാണ്. വവ്വാലുകളുടെ കാട്ടം നിറഞ്ഞ് ജലസ്രോതസുകളും പറമ്പും ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ്. ചുറ്റുപാടുമുള്ള പതിനഞ്ചോളം കുടുംബങ്ങളും വച്ചാലുകളുടെ ശല്യം അനുഭവിക്കുന്നുണ്ട്. വവ്വാലുകളെ പേടിച്ച് വീട് ഉപേക്ഷിച്ച് പോകേണ്ടി വരുമോ എന്ന ആശങ്കയിലാണ് വൃദ്ധർ.