railway

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷന് സമീപം കൂറ്റൻ മരം വീണ് ഓടിക്കൊണ്ടിരുന്ന ഓട്ടോ തകർന്നു. യാത്രക്കാരനും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. ദിവാൻജി മൂലയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് ഇറങ്ങുന്ന റോഡിൽ റിസർവേഷൻ കൗണ്ടറിന് സമീപമായിരുന്നു വേപ്പ് മരം ഓട്ടോയുടെ മുകളിൽ വീണത്. മരം വീണ ഉടൻ യാത്രക്കാരൻ ഓട്ടോയിൽ നിന്ന് ഇറങ്ങിയോടി. വിവരമറിഞ്ഞ് റെയിൽവേ സംരക്ഷണ സേനയും അഗ്‌നിരക്ഷാസേനയുമെത്തി മരം മുറിച്ചുനീക്കി ഓട്ടോ സംഭവസ്ഥലത്ത് നിന്ന് മാറ്റി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജില്ലാ ആശുപത്രിക്ക് സമീപം മരം വീണ് രണ്ട് ഓട്ടോകൾ തകർന്നിരുന്നു.