4000 തെകൾ വിതരണം ചെയ്തു
ചാലക്കുടി: വീണ്ടും പൂഗ്രാമം പദ്ധതിക്കായി ഒരുങ്ങുകയാണ് വി.ആർ. പുരം. 32, 33 വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ 3000 ചെണ്ടുമല്ലിത്തൈകൾ നട്ടുവളർത്തും. കുടുംബശ്രീ വഴി ആവശ്യക്കാരായ കുടുംബങ്ങൾക്കും തൈകൾ നൽകുന്നുണ്ട്.
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുടുംബശ്രീ എ.ഡി.എസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൂക്കൃഷി നടപ്പാക്കുന്നത്. ഇതിനായി വിവിധ കേന്ദ്രങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. തൈകൾ നടുന്നതും പരിപാലിക്കുന്നതും അതത് പ്രദേശങ്ങളിലെ പ്രവർത്തകരാണ്.
ഓണക്കാലത്ത് പാകമാകുന്ന ചെണ്ടുമല്ലിപ്പൂ കച്ചവടത്തിൽ നിന്നും വലിയ നേട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. വി.ആർ. പുരം ഗ്രാമത്തിൽ ഇത് മൂന്നാം വട്ടമാണ് പൂക്കൃഷിക്ക് നിലം ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം ഓണത്തിന് ശേഷമായിരുന്നു ചെണ്ടുമല്ലി കൂടുതലായും പുഷ്പിച്ചത്. അതിനാൽ ഇക്കുറി നേരത്തെ കൃഷി ആരംഭിക്കുകയായിരുന്നു.
അയൽക്കൂട്ടങ്ങൾ വഴി ആവശ്യക്കാരായ വീട്ടുകാർക്കും പത്ത് മുതൽ 15 വരെ തൈകൾ നൽകിയിട്ടുണ്ട്. തൈ ഒന്നിന് അഞ്ച് രൂപയാണ് വില. കഴിഞ്ഞ വർഷം സൗജന്യമായാണ് തൈകൾ വിതരണം ചെയ്തത്. എന്നാൽ ലക്ഷ്യം ഫലപ്രാപ്തിയിലെത്തിയിരുന്നില്ല.
പൂഗ്രാമം പദ്ധതി ഉദ്ഘാടനം
കസ്തൂർബാ കേന്ദ്രത്തിൽ നടന്ന പൂഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം നഗരസഭാ വൈസ് ചെയർപേഴ്‌സൺ ആലീസ് ഷിബു ഉദ്ഘാടനം ചെയ്തു. വിജയരാഘവപുരം പൂഗ്രാമം പദ്ധതിയുടെ ഭാഗമായാണ് പൂക്കൃഷിയുടെ തൈനടീൽ നടന്നത്. വാർഡ് കൗൺസിലർ ഷിബു വാലപ്പൻ അദ്ധ്യക്ഷനായി. കുടുംബശ്രീ എ.ഡി.എസ് ഭാരവാഹികളായ ഇന്ദിര ബാബു, രേഖ ഗോപി, സുകന്യ സനേഷ്, പോൾസി ബാബു, മഞ്ജു ഷിബു, സിന്ധു ജയരാജ്, ജിഷ ജയൻ, സജിത വൈമേലി, ഷൈലജ എം, ലീല കുട്ടൻ, താജ് കോയ, ശ്യാമള മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
പൂക്കൃഷിക്ക് തിരഞ്ഞെടുത്ത കേന്ദ്രങ്ങൾ
ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ, കമ്മ്യൂണിറ്റി ഹാൾ, ഗവ. ഐ.ടി.ഐ, കസ്തൂർബാ കേന്ദ്രം, അർബൻ കുടുംബാരോഗ്യ കേന്ദ്രം, അംഗൻവാടികൾ, മറ്റ് പൊതു സ്ഥലങ്ങൾ.