വടക്കാഞ്ചേരി: കാലവർഷത്തിൽ ജലസമൃദ്ധിയുടെ സുന്ദര വിരുന്നൊരുക്കി കാഴ്ചക്കാരുടെ ഇഷ്ടകേന്ദ്രമാവുകയാണ് കൊടുമ്പ് ചാത്തൻചിറ. സഹസ്ര സരോവർ പദ്ധതിയിൽ ഉൾപ്പെടുത്തിയായിരുന്നു നവീകരണം. വനത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഡാം പ്രദേശം ഹരിതാഭയുടെ തീരമാണ്. ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായാണ് ഡാം നവീകരണം നടന്നത്.
വെള്ളം പുറത്തേക്ക് ഒഴുക്കാൻ 3 മീറ്റർ താഴ്ചയിൽ വാൽവ് കൂടി സ്ഥാപിച്ചതോടെ കൂടുതൽ സുരക്ഷിതമാണ് ഇവിടം. ഉണ്ടായിരുന്ന സ്‌ളൂയിസ് 5 മീറ്റർ താഴ്ചയിലായിരുന്നു. ഇതോടൊപ്പം ചിറയുടെ ഉയരം പത്ത് സെന്റീമീറ്റർ വർദ്ധിപ്പിച്ചിട്ടുണ്ട്. നബാർഡിന്റെ സഹായത്തോടെ 2.12 കോടി രൂപ ചെലവഴിച്ചായിരുന്നു നവീകരണം.
ചാത്തൻ ചിറയോട് ചേർന്ന് കിടക്കുന്ന വടക്കാഞ്ചേരി നഗരസഭ, എരുമപ്പെട്ടി, മുള്ളൂർക്കര പഞ്ചായത്തുകളുടെ അതിർത്തി അളന്ന് തിട്ടപ്പെടുത്തി കൈയ്യേറ്റം തിരിച്ചുപിടിച്ചതോടെ ഡാമിന്റെ വിസ്തൃതൃതിയും, ആഴവും വർദ്ധിപ്പിക്കാനുമായി. ജല സംഭരണ ശേഷി വർദ്ധിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്.
250 ഏക്കർ നെൽക്കൃഷിക്കും മേഖലയിലെ പച്ചക്കറിക്കൃഷിക്കും സഹായകരമാകുന്ന പദ്ധതി കുമരനെല്ലൂർ, കാഞ്ഞിരക്കോട് മേഖലകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനും ഏറെ ഗുണപ്രദമാണ്. ചെറുചക്കിച്ചോലയും , വാഴാനി, പൂമല, ചെപ്പാറ, പത്താഴക്കുണ്ട് ഡാം എന്നീ കേന്ദ്രങ്ങളുടെയും പ്രകൃതിസൗന്ദര്യം നുകരാൻ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള പദ്ധതിയും അണിയറയിൽ ഒരുങ്ങുന്നുണ്ട്.
.