 
ചാലക്കുടി: ഒരിടവേളയ്ക്ക് ശേഷം പള്ളിപ്പാടത്തെ സ്ഥലം നഗരസഭ ഏറ്റെടുക്കുന്ന വിഷയം വീണ്ടും ചർച്ചയാകുന്നു. മാർക്കറ്റ് വികസനത്തിനായി പതിറ്റാണ്ടുകൾ മുമ്പ് നഗരസഭ മരവിപ്പിച്ചിട്ട വെടിക്കെട്ട് പാടത്തെ അഞ്ചേക്കർ സ്ഥലത്തെ ചൊല്ലിയാണ് ഇപ്പോൾ അണിയറ ചർച്ചകൾ.
മാർക്കറ്റിനോട് ചേർന്ന മൂന്ന് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലെ ഒരേക്കർ സ്ഥലം നഗരസഭയ്ക്ക് ഉപാധിരഹിതമായി നൽകുകയും ബാക്കി നാലേക്കർ അതത് ഉടമകൾക്ക് വിട്ടുനൽകുകയും ചെയ്യുന്ന ചർച്ചയാണ് ഇപ്പോൾ സജീവമാകുന്നത്. ഇതിനായി നഗരഭയിലെ പ്രമുഖ കൗൺസിലർമാർ അടങ്ങുന്ന ഒരു അനൗദ്യോഗിക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ടത്രെ.
കഴിഞ്ഞ ഭരണ സമിതി, സ്വകാര്യ വ്യക്തികളുടെ രണ്ടേക്കർ സ്ഥലം നഗരസഭയ്ക്ക് സൗജന്യമായി ലഭിക്കുന്ന മറ്റൊരു പദ്ധതി ആവിഷ്‌കരിച്ചെങ്കിലും നടന്നിരുന്നില്ല. എൽ.ഐ.സി ഓഫീസ് പരിസരത്ത് നിന്നും വെട്ടുകടവ് റോഡിലേക്ക് ബൈപാസ് നിർമ്മിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതിൽ അഴിമതി ആരോപിച്ച അന്നത്തെ പ്രതിപക്ഷമാണ് ഇപ്പോൾ ഒരേക്കർ സ്ഥലം മാത്രം സൗജന്യമായി ലഭിക്കുന്ന ആസൂത്രണത്തിന് ചുക്കാൻ പിടിക്കുന്നതെന്നാണ് ആരോപണം.
തണ്ണീർത്തടം നികത്തുന്നുവെന്ന് ആരോപിച്ചാണ് ഭരണപക്ഷമായ സി.പി.ഐ അന്ന് പദ്ധതിയെ എതിർത്തത്. തങ്ങളുടെ സ്ഥലം ഒഴിവായി കിട്ടുന്നതിന് നാലേക്കർ സ്ഥലത്തെ ഉടമകൾ ഒരു കോടി രൂപയാണ് ഒരേക്കറിന്റെ ഉടമകൾക്ക് മദ്ധ്യസ്ഥർ വഴി കൊടുക്കുന്നതത്രെ. ഇടനിലക്കാർ 50 ലക്ഷം രൂപ കൂടി അധികമായി ആവശ്യപ്പെട്ടതിൽ തട്ടിയാണ് നീക്കം മന്ദഗതിയിലായതെന്നും പറയപ്പെടുന്നു.