തൃശൂർ: പ്രണയത്തിൽ ബാഹ്യസൗന്ദര്യത്തിന് പ്രാധാന്യമില്ലെന്ന സന്ദേശവുമായി രവീന്ദ്രനാഥ ടാഗോറിന്റെ ചിത്രാംഗദ എന്ന കാവ്യനാടകത്തിന്റെ കഥകളി ആവിഷ്‌കാരം ശ്രദ്ധേയം. ചിത്രോദ്ഭവം എന്ന പേരിൽ പാലിയേക്കര ശ്രീഭദ്ര ഓഡിറ്റോറിയത്തിലായിരുന്നു അരങ്ങേറ്റം. കോഴിക്കോട്ടുകാരിയും കവിയുമായ രാധാ മാധവനാണ് ആട്ടക്കഥ രചിച്ചത്.
രാധാമാധവന്റെ ആട്ടക്കഥകളിൽ മിക്കതിന്റെയും സംവിധാനം കലാമണ്ഡലം സാജനും (കൊറിയോഗ്രഫി) മനോജ് പുല്ലൂരും (രാഗതാളങ്ങൾ) ആണ്. മണിപ്പൂരിലെ രാജാവ് ചിത്രവാഹനന്റെ പുത്രി ചിത്രാംഗദയുടെ പ്രണയാഭ്യർത്ഥന, സുന്ദരിയല്ലാത്തതിനാൽ അർജുനൻ നിരസിച്ചു. തുടർന്നവൾ തപസിലൂടെ ഒരു വർഷത്തേക്ക് സുന്ദരിയായി, അർജ്ജുനനെ വരിച്ച് കുഞ്ഞുണ്ടായി. പിന്നീട് സത്യമറിഞ്ഞ അർജുനൻ, ബാഹ്യസൗന്ദര്യത്തിന് പ്രാധാന്യം നൽകിയ തന്നെക്കുറിച്ചോർത്ത് ലജ്ജിച്ചു. ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള ക്ഷണം നിരസിച്ച ചിത്രാംഗദ പിന്നീടൊരിക്കൽ എത്തിക്കൊള്ളാമെന്ന് പറഞ്ഞ് പിരിയുന്നു.
ചെണ്ട, ഇടയ്ക്ക, മദ്ദളം എന്നിവയ്ക്ക് പുറമേ കഥകളിയിൽ ആദ്യമായി ഒന്നേകാൽ മണിക്കൂർ മിഴാവ് പരീക്ഷിച്ചു. കലാമണ്ഡലം രതീഷ് ഭാസാണ് കൊട്ടിയത്. പീശപ്പിള്ളി രാജീവൻ, കലാമണ്ഡലം ശിബി ചക്രവർത്തി എന്നിവർ ചിത്രാംഗദയെയും കലാമണ്ഡലം മനോജ് അർജ്ജുനനെയും അവതരിപ്പിച്ചു.