തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടി ഭരണവിരുദ്ധ വികാരം മൂലമെന്ന് വിലയിരുത്തുമ്പോഴും സി.പി.എമ്മും സി.പി.ഐയും പരസ്പരം കുറ്റപ്പെടുത്തുന്നത് എൽ.ഡി.എഫിനെ ദുർബലപ്പെടുത്തുന്നുവെന്ന് അണികൾ. തോൽവി അവലോകനം ചെയ്ത ഇരുപാർട്ടികളുടെയും ജില്ലാതല യോഗങ്ങളിലാണ് മുന്നണിയുടെ കെട്ടുറപ്പിനെ തന്നെ ബാധിക്കുംവിധം വിമർശനം ഉയരുന്നത്.
ജില്ലാതല അവലോകനത്തിനു ശേഷം പ്രാദേശിക വിലയിരുത്തലുകൾ നടക്കാനിരിക്കുകയാണ്. ഈ ഘട്ടത്തിൽ തുറന്ന പോരിന് താഴെത്തട്ടിൽ അണികളും ഒരുങ്ങുമോയെന്നാണ് ആശങ്ക. മുൻകാലങ്ങളിൽ കീഴ്ഘടകങ്ങളിൽ നിന്നായിരുന്നു രൂക്ഷവിമർശനം ഉയർന്നിരുന്നത്. എന്നാൽ ഇക്കുറി ജില്ലാ - സംസ്ഥാന നേതാക്കൾ തന്നെ ആരോപണം ഉന്നയിക്കുന്നത് തലവേദനയാകുന്നുണ്ട്.
എൽ.ഡി.എഫിലെ പ്രധാന കക്ഷികളായ സി.പി.എമ്മിനും സി.പി.ഐക്കും പുറമെ മറ്റ് ഘടക കക്ഷികളും അവലോകന യോഗം ചേരുന്നുണ്ട്. അവരും വിമർശനം ഉന്നയിച്ചേക്കും. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് മുന്നണിയെ സജ്ജമാക്കമെമന്നും അതിനുള്ള പ്രവർത്തനം എല്ലാ പാർട്ടികളും നടത്തി എൽ.ഡി.എഫിനെ വിജയിപ്പിക്കണമെന്നുമാണ് പൊതുവികാരം.
തോൽവിക്ക് സി.പി.ഐ പറയുന്നത്
കരുവന്നൂർ ബാങ്ക ക്രമക്കേട് തിരഞ്ഞെടുപ്പ് വിഷയമായി. ആരോപണ വിധേയരായവർ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുഖ്യചുമതല വഹിച്ചത് തിരിച്ചടിയായി.
ഇ.ഡി പലതവണ ചോദ്യം ചെയ്ത എം.കെ. കണ്ണനായിരുന്നു തൃശൂർ ലോക്‌സഭ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ.
സുരേഷ് ഗോപിയെക്കുറിച്ച് മേയറുടെ പ്രശംസയും മറ്റും എൻ.ഡി.എ സ്ഥാനാർത്ഥിക്ക് കാര്യങ്ങൾ അനുകൂലമാക്കിയെന്ന് വിലയിരുത്തൽ.
സി.പി.എം കമ്മിറ്റിയിലെ വിമർശനം
സി.പി.ഐയുടെ ആരോപണങ്ങളിൽ ചർച്ച വേണ്ടെന്ന നിർദ്ദേശം അവഗണിച്ച് സി.പി.എം യോഗത്തിലെ വിമർശനം.
സി.പി.ഐയെ വിമർശിക്കുന്നത് മുന്നണി ബന്ധത്തെ സാരമായി ബാധിച്ചേക്കാമെന്ന് വിലയിരുത്തൽ.
മുഖ്യമന്ത്രിക്ക് ജില്ലാ അവലോകന യോഗത്തിൽ പിന്തുണ, എന്നാൽ ഭരണത്തിനെതിരെ കടുത്ത വിമർശനം.
പെൻഷൻ മുടങ്ങിയതിനാൽ ജനങ്ങളെ സമീപിക്കാനാകാത്ത സ്ഥിതിയുണ്ടാക്കി. ചർച്ചകൾ യോഗങ്ങളിൽ മാത്രം, പ്രതിവിധികളില്ലെന്ന് വിമർശനം.
മേയർ കാര്യത്തിൽ തീരുമാനം കടുപ്പിച്ചേക്കും
കോർപറേഷൻ മേയർ സ്ഥാനത്തിനായി സി.പി.ഐ നീക്കം വരുംനാളുകളിൽ ശക്തമാക്കും. അടുത്ത കൗൺസിൽ യോഗത്തിന് മുൻപ് ചേരുന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ സി.പി.ഐ അംഗങ്ങൾ ഇക്കാര്യം ഉന്നയിച്ചേക്കും. മേയർ എം.കെ. വർഗീസിനോടുള്ള എതിർപ്പാണ് പെട്ടെന്ന് തീരുമാനം കടുപ്പിക്കാൻ കാരണം.
സി.പി.എമ്മിനോടുള്ള എതിർപ്പല്ല, മറിച്ച് മേയറുടെ നടപടികൾ മുന്നണി സംവിധാനത്തെ ഉലയ്ക്കുമെന്നാണ് സി.പി.ഐ ഉയർത്തുന്നത്. നേരത്തെ ഡെപ്യുട്ടി മേയർ സ്ഥാനം സി.പി.ഐക്ക് നൽകാമെന്ന് അറിയിച്ചിരുന്നെങ്കിലും പാർട്ടിക്കുള്ളിലെ പ്രശ്‌നം മൂലം ഏറ്റെടുത്തിരുന്നില്ല. എന്നാൽ ഇനിയും അത്തരം നിലപാടുകളുമായി മുന്നോട്ടുപോയാൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.