കൊടുങ്ങല്ലൂർ : ട്രോളിംഗ് നിരോധനം മൂലമുണ്ടായ മത്സ്യക്ഷാമത്തിനിടയിൽ ഉണക്ക മത്സ്യത്തിനും വില കുതിച്ചുയർന്നു. 300 രൂപയുണ്ടായിരുന്ന നാടൻ ഉണക്ക ചെമ്മീന് 500 മുതൽ 600 രൂപ വരെയായി ഉയർന്നിട്ടുണ്ട്. ഉണക്ക മാന്തലിന് 140 രൂപയിൽ നിന്ന് 260 രൂപയായി. അയലയ്ക്കും ഇതേ വിലയായി ഉയർന്നിട്ടുണ്ട്. ഉണക്കമുള്ളൻ, ബ്രാൽ, സ്രാവ്, നെത്തൽ, പല്ലിക്കോര, പാമ്പാട എന്നീ ഉണക്കമത്സ്യങ്ങൾക്കും വില കൂടി.
പച്ച മത്സ്യങ്ങൾക്ക് ക്ഷാമം നേരിടുന്ന മഴക്കാലത്ത് ഉണക്ക മത്സ്യങ്ങൾക്ക് നാട്ടിൽ ആവശ്യക്കാരേറെയാണ്. തീരമേഖലയിലും കായലോര മേഖലയിലും മത്സ്യത്തൊഴിലാളികൾ വൃത്തിയോടെ കഴുകിക്കീറി ഉപ്പ് പുരട്ടി മണ്ണിൽ തൊടാതെ ഉണക്കിയെടുക്കുന്ന ഉണക്കമത്സ്യങ്ങൾക്ക് ആവശ്യക്കാർ ധാരാളമാണ്. കൊടുംവെയിലിൽ ഉപ്പില്ലാതെ ഉണക്കിയെടുക്കുന്ന നെത്തലും മാന്തളും പൊടിച്ചെമ്മീനും മാർക്കറ്റിൽ ലഭ്യമാണ്. കഴിഞ്ഞ വേനലിലുണ്ടായ കനത്ത ചൂട് മൂലം മത്സ്യങ്ങൾ ഇല്ലാതായതോടെ വിപണിയിൽ തദ്ദേശീയരുടെ ഉണക്കമത്സ്യത്തിനും ക്ഷാമം നേരിടുന്നുണ്ട്. ഇതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉണക്ക മത്സ്യവും ധാരാളം വിപണിയിലെത്തി. തമിഴ്‌നാട്, കർണ്ണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് മത്സ്യങ്ങളാണ് ഉണക്കമീൻ വിപണിയിലെ ഇപ്പോഴത്തെ പ്രധാന ഇനം. പച്ച മത്സ്യങ്ങൾ വൃത്തിയാക്കി കഴുകി ഉപ്പിട്ട് ഉണക്കേണ്ടതിന് പകരം ചീഞ്ഞതും മറ്റു തരത്തിൽ കേടായതുമായ മത്സ്യങ്ങൾ അന്യ സംസ്ഥാനങ്ങളിൽ നിന്ന് വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഉണക്കമത്സ്യമാക്കി മാർക്കറ്റിലെത്താറുണ്ട്. ഇവ ആരോഗ്യത്തിന് ഹാനികരമായതിനാൽ പ്രദേശികമായ ഉണക്ക മത്സ്യത്തിന് ആവശ്യക്കാർ ഏറെയാണ്.

തീരമേഖലയിലെ ഉണക്കമീന് വൻഡിമാൻഡ്