തൃശൂർ: തൃശൂർ - കുറ്റിപ്പുറം, ഷൊർണൂർ - കൊടുങ്ങല്ലൂർ റോഡുകളുടെ നിർമാണം അതിവേഗം പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. നിർമാണത്തിന് വകുപ്പ് സെക്രട്ടറി നേരിട്ട് മേൽനോട്ടം വഹിക്കും. നടത്തിപ്പിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയുണ്ടായാൽ കർശന നടപടി സ്വീകരിക്കുമെന്ന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിൽ മന്ത്രി പറഞ്ഞു.
കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടർ നോഡൽ ഓഫീസറായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഓരോ രണ്ടാഴ്ചയും നേരിട്ട് പോയി ചീഫ് എൻജിനീയർ പരിശോധിച്ച് മന്ത്രിക്കും സെക്രട്ടറിക്കും റിപ്പോർട്ട് നൽകണം. എക്‌സിക്യൂട്ടിവ് എൻജിനിയർ ജനപ്രതിനിധികളുമായി കൃത്യമായി ബന്ധപ്പെട്ട് തടസങ്ങൾ പരിഹരിച്ച് നിർമാണം മുന്നോട്ടുകൊണ്ടുപോകണം. മന്ത്രിയുടെ ഓഫീസ് നേരിട്ട് മാസത്തിൽ ഓരോ തവണ വിലയിരുത്തൽ യോഗം നടത്തും.
മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ആവശ്യമുള്ളിടത്ത് ഗതാഗതനിയന്ത്രണം ഏർപ്പെടുത്തുന്നതിനും കളക്ടറെ ചുമതലപ്പെടുത്തി. പൊതുമരാമത്ത് സെക്രട്ടറി കെ. ബിജു വരുംദിവസങ്ങളിൽ റോഡുകൾ സന്ദർശിച്ച് പ്രവർത്തനം ഏകോപിപ്പിക്കും.
ഷൊർണൂർ - കൊടുങ്ങല്ലൂർ 33.45 കിലോമീറ്റർ റോഡിന്റെ നിർമാണം വരുന്ന ഒക്ടോബർ മാസത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള നടപടികൾ കൈക്കൊള്ളും. പ്രാദേശിക ജനപ്രതിനിധികളും ബസ് ഉടമകളുമായി ചർച്ച ചെയ്ത് ഇതിനാവശ്യമായ ഗതാഗത ക്രമീകരണങ്ങൾ ഉൾപ്പെടെ ഏർപ്പെടുത്തും.
2025 ആഗസ്‌റ്റോടെ പൂർത്തിയാക്കും
തൃശൂർ - കുറ്റിപ്പുറം 33.23 കിലോമീറ്റർ റോഡ് പ്രവൃത്തിയിൽ പുരോഗതി ഉണ്ടാകാതെ വന്നതിനെത്തുടർന്ന് കഴിഞ്ഞ മേയിൽ കരാറുകാരെ നീക്കിയിരുന്നു. പുതിയ ഡി.പി.ആറിന് അനുമതി നേടി ആഗസ്റ്റ് ഒന്നിനു മുൻപ് പ്രവൃത്തി റീടെൻഡർ ചെയ്ത് 2025 ആഗസ്‌റ്റോടെ പൂർത്തിയാക്കുംവിധം ക്രമീകരിക്കാനാണ് നിർദ്ദേശം. അതുവരെ റോഡ് ഗതാഗതയോഗ്യമാക്കി നിറുത്താനാവശ്യമായ പ്രവർത്തനങ്ങൾ കെ.എസ്.ടി.പി ചെയ്യും. ഇതിനായി നിലവിൽ അനുവദിച്ചിട്ടുള്ള 29 ലക്ഷം രൂപ പോരാതെ വന്നാൽ ആവശ്യമായ അധികതുക നൽകും.
മന്ത്രിമാരായ ഡോ. ആർ. ബിന്ദു, കെ. രാജൻ, എം.എൽ.എമാരായ എ.സി. മൊയ്തീൻ, സേവ്യർ ചിറ്റിലപ്പള്ളി, മുരളി പെരുനെല്ലി, സി.സി. മുകുന്ദൻ, വി.ആർ. സുനിൽകുമാർ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ. ബിജു, കളക്ടർ വി.ആർ. കൃഷ്ണ തേജ എന്നിവരും കെ.എസ്.ടി.പി ഉദ്യോഗസ്ഥരും പങ്കെടുത്തു.