കണ്‌ഠേശ്വരം: ഗ്രാമീണ സർവീസുകൾ കൈയൊഴിയുന്ന ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി ഓപ്പറേഷൻ സെന്ററിന്റെ പ്രവർത്തനം ജനങ്ങൾക്ക് ദുരിതമാകുന്നു. വിരലിലെണ്ണാവുന്ന ഗ്രാമീണ സർവീസുകൾ മാത്രമാണ് ഇവിടെ നിന്നുള്ളത്. ഭൂരിഭാഗവും ദീർഘദൂര സർവീസുകളാണ്. മുണ്ടക്കയം, ബംഗളൂരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള ദീർഘദൂര സർവീസുകളാണ് ഏറെയും. അതിരാവിലെ പുറപ്പെട്ട് നേരമിരുട്ടിയാൽ മാത്രം തിരിച്ചെത്തുന്നവയാണ് ഇവ. ഗ്രാമീണ സർവീസുകൾ നന്നേ കുറവായതിനാൽ നഗരത്തിലേക്കൊ സ്വകാര്യ ബസ് സ്റ്റാൻഡിലേക്കോ എത്തണമെങ്കിൽ യാത്രക്കാർ നൂറ് രൂപയോളം ചെലവാക്കേണ്ട അവസ്ഥയുമുണ്ട്.
24 ബസുകളാണ് ഇവിടെയുള്ളത്. 26 ബസുകളുണ്ടെങ്കിൽ മാത്രമെ ഡിപ്പോ നിലവാരത്തിലെത്തൂ. അതുകൊണ്ട് തന്നെ ഓപ്പറേഷൻ സെന്റർ എന്ന പേരിലാണ് അറിയപ്പെടുന്നത്. ജീവനക്കാരുടെ എണ്ണക്കുറവാണ് സർവീസുകൾ കുറയാൻ കാരണമായി കെ.എസ്.ആർ.ടി.സി പറയുന്നത്. 31 ഡ്രൈവർ വേണ്ടിടത്ത് 19 ഉം 31 കണ്ടക്ടർ വേണ്ടിടത്ത് 27 ഉം ആണ് ഇവിടുള്ളത്. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ബിന്ദു ഇടപെട്ട് അഞ്ച് ഡ്രൈവർമാരെയും കണ്ടക്ടർമാരെയും വീതം നിയമിച്ചെങ്കിലും അവരെ ഗുരുവായൂർ ഡിപ്പോയിലേക്ക് മാറ്റുകയായിരുന്നു. ജീവനക്കാരുടെ കുറവ് മൂലം ബാക്കി ബസുകൾ തൊട്ടടുത്ത യൂണിറ്റുകൾക്ക് നൽകുകയാണ്.
1984 കാലഘട്ടത്തിൽ ആരംഭിച്ച ഓപ്പറേഷൻ സെന്ററിന് നേരത്തെ സംസ്ഥാനത്ത് മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരം ലഭിച്ചിരുന്നു. എന്നാലിപ്പോൾ നഷ്ടക്കണക്കിലാണുള്ളത്. ഒരു കിലോമീറ്റർ സർവീസിൽ നിന്നും 50 രൂപ വേണ്ടിടത്ത് 48 രൂപയാണ് ലഭിക്കുന്നതെന്നതിലാണ് നഷ്ടലിസ്റ്റിൽ ഉൾപ്പെടുന്നത്.
ഗ്രാമവണ്ടി സംവിധാനമൊരുക്കാൻ മുരിയാട് ഗ്രാമപഞ്ചായത്തിനെ സമീപിച്ചെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം അവർ പിൻമാറുകയായിരുന്നു. ഗ്രാമീണ സർവീസുകൾ കൂടുതലായൊരുക്കി ഓപ്പറേഷൻ സെന്ററിന്റെ പ്രവർത്തനം ജനങ്ങൾക്ക് കാര്യക്ഷമമായി ഉപയോഗപ്പെടുത്തണമെന്നാണ് ഉയരുന്ന ജനകീയ ആവശ്യം.

കെ.എസ്.ആർ.ടി.സി സർവീസിലെ പോരായ്മകൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ദീർഘദൂരത്തേക്കുൾപ്പടെ സർവീസുകൾ കൂട്ടാൻ സാധിച്ചു. കൂടുതൽ സൗകര്യങ്ങളൊരുക്കും. പുതുതായി നിയമിച്ച ജീവനക്കാരെ ഗുരുവായൂരിലേക്ക് മാറ്റിയതിന്റെ നിജസ്ഥിതി പരിശോധിക്കും.
- മന്ത്രി ഡോ. ആർ. ബിന്ദു
(എം.എൽ.എ)

വരുമാനം കുറഞ്ഞ ഗ്രാമീണ റൂട്ടുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് ഗ്രാമവാസികൾക്ക് യാത്രാസൗകര്യമൊരുക്കണം. ഗ്രാമവണ്ടി സംവിധാനം വിവിധ പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന മുറയ്ക്ക് ആളൂർ പഞ്ചായത്ത് എല്ലാ പിന്തുണയും നൽകും.
- കെ.ആർ. ജോജോ
(ആളൂർ പഞ്ചായത്ത് പ്രസിഡന്റ്)

ഉദ്യോഗസ്ഥരുടെ തൻ പ്രമാണിത്തവും കെടുകാര്യസ്ഥതയുമാണ് ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സി സെന്ററിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം.
- സന്തോഷ് ബോബൻ
(ബി.ജെ.പി നഗരസഭ പാർലമെന്ററി പാർട്ടി നേതാവ്)