
കുന്നംകുളം: തൃശൂർ-കുന്നംകുളം റോഡിൽ തൃശൂർ മുതൽ കുന്നംകുളം വരെ താത്കാലിക കുഴിയടയ്ക്കലിന് തുടക്കം. റോഡ് തകർന്നതിനെ തുടർന്നുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പ് കരാർ ജീവനക്കാർ താത്കാലിക അറ്റകുറ്റപ്പണി ആരംഭിച്ചത്. മൂന്നുദിവസം കൊണ്ടാണ് നിർമ്മാണ പ്രവൃത്തി പൂർത്തീകരിക്കുക.
രണ്ട് റോഡ് റോളർ ഉപയോഗിച്ചാണ് നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് ചെറിയ മിനി ലോറിയിൽ മണ്ണ് കൊണ്ടുവന്ന് റോഡിൽ കുഴികൾ അടയ്ക്കാൻ ശ്രമിച്ചിരുന്നു. പിന്നീട് പ്രതിഷേധം വ്യാപകമായതോടെ പൊതുമരാമത്ത് വകുപ്പ് കരാർ ജീവനക്കാർക്ക് 29 ലക്ഷം രൂപ നിർമ്മാണ പ്രവൃത്തികൾക്കായി അനുവദിച്ചത്. എന്നാൽ നിലവിൽ കുഴിയടച്ച സ്ഥലങ്ങൾ ചെളി നിറഞ്ഞ അവസ്ഥയിലാണ്. ഇതോടെയാണ് ഇന്നുമുതൽ നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്. നിലവിൽ ഒരു വശം മാത്രമാണ് നിർമ്മാണ പ്രവൃത്തികൾ നടക്കുന്നത്.