 
തൃശൂർ: റെയിൽട്രാക്ക് അറ്റകുറ്റപ്പണിയിൽ ഏർപ്പെടുന്നവരുടെ സുരക്ഷയ്ക്കായി ആവിഷ്‌കരിച്ച 'രക്ഷക്' സംവിധാനം നടപ്പാക്കാത്തതിനാൽ ട്രെയിൻ തട്ടി മരിക്കുന്നവരുടെ എണ്ണം ഓരോ വർഷവും വർദ്ധിക്കുന്നു. റെയിൽപാളത്തിൽ മരിച്ചുവീഴുന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ കബന്ധങ്ങളും കുടുംബങ്ങളുടെ കണ്ണീരും കാണാതെ കണ്ണടയ്ക്കുകയാണ് ഇന്ത്യൻ റെയിൽവേ.
ആയിരക്കണക്കിന് യാത്രക്കാരുടെ ജീവൻ രക്ഷിക്കുന്നതിന് രാപകൽ വ്യത്യാസമില്ലാതെ ട്രാക്കുകളിൽ ജോലിയെടുക്കുന്നവരാണ് കീമാൻമാർ. ട്രാക്കിൽ വിള്ളലുണ്ടായാൽ അടിയന്തരമായി പരിഹരിക്കുന്നതിനുള്ള ഉപകരണവും വലിയ ഇരുമ്പുചുറ്റികയും മറ്റ് ജോലിഉപകരണങ്ങളുമായി നിത്യേന അഞ്ചുകിലോമീറ്ററോളം സഞ്ചരിക്കേണ്ടി വരുന്ന കീമാൻമാർ ജീവൻ പോലും പണയം വച്ചാണ് ജോലിയെടുക്കുന്നത്.
ഗതാഗത സാന്ദ്രതയുണ്ടെങ്കിലും കേരളത്തിൽ പലയിടത്തും രണ്ട് ട്രാക്കുകൾ മാത്രമാണുള്ളത്. അതിനാൽ കീമാൻമാരുടെ ജോലിഭാരവും കൂടുതലാണ്. എറണാകുളത്തിനും ഷൊർണൂരിനും മദ്ധ്യേയാണ് ഏറ്റവുമധികം വളവുകളും കയറ്റിറക്കവും ട്രാക്കിലുള്ളത്. എന്നിട്ടും സുരക്ഷാ സംവിധാനമായ 'രക്ഷക്' നടപ്പാക്കാത്തതിൽ റെയിൽവേ ജോലിക്കാർക്ക് ഇടയിൽ അമർഷമുണ്ട്. ട്രിച്ചി പോലുള്ള ഡിവിഷനുകളിൽ രക്ഷക് സംവിധാനം മുൻപേ നടപ്പാക്കിയിരുന്നു.
ഇന്നലെ ഒല്ലൂരിനും തൃശൂരിനും മദ്ധ്യേ ട്രാക്കിൽ ജോലി ചെയ്യുന്നതിനിടെയാണ് ട്രെയിൻ വരുന്നതറിയാതെ വടൂക്കര എസ്.എൻ നഗർ ചന്ദ്രിക ലൈനിൽ ഉത്തമൻ മരിച്ചത്. ശക്തമായ മഴയായിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിയാതിരുന്നതാണ് ദുരന്തകാരണം. ട്രെയിനിന്റെ എൻജിന് അടിയിൽ കുടുങ്ങിയ ഉത്തമൻ തത്ക്ഷണം മരിച്ചു. എൻജിനിൽ തൂങ്ങിക്കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. ഇടുങ്ങിയ സ്ഥലത്തുണ്ടായ അപകടമുണ്ടായതിനാൽ പെട്ടന്ന് മാറിനിൽക്കാനായിരുന്നില്ല.
ഇത്തരം സന്ദർഭങ്ങളിൽ രക്ഷ നേടുന്നതിനാണ് രക്ഷക് എന്ന വാക്കി ടോക്കി സംവിധാനം റെയിൽവേ ആരംഭിച്ചത്. വളരെ ദുഃസഹമായ സാഹചര്യത്തിൽ പണിയെടുക്കുന്നവരുടെ ജീവൻ രക്ഷിക്കുന്നതിൽ റെയിൽവേ അധികൃതർ കൂടുതൽ ശ്രദ്ധ നൽകണമെന്ന ആവശ്യം ശക്തമാണ്.
രക്ഷകിനായി പോരാടി, ഒടുവിൽ മരിച്ചുവീണു
സുരക്ഷാ സംവിധാനമായ രക്ഷക് എന്ന വാക്കി ടോക്കിയില്ലാത്തതിനാൽ കഴിഞ്ഞ നാലുവർഷത്തിനിടെ ഇരുപതോളം കീമാൻമാർ തിരുവനന്തപുരം ഡിവിഷനിൽ മാത്രം ട്രാക്കിൽ പൊലിഞ്ഞു. ഇതിനെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ മുൻപന്തിയിൽ നിന്നയാളാണ് മരിച്ച ഉത്തമൻ. ദുരന്തവാർത്ത പുറത്തുവന്നതോടെ റെയിൽവേ ജീവനക്കാരുടെ ഗ്രൂപ്പുകളിൽ ഷെയർ ചെയ്തതും ആ സമരചിത്രമായിരുന്നു. ട്രാക്കിൽ നേരത്തെ പൊലിഞ്ഞ സഹപ്രവർത്തകരുടെ ചിത്രങ്ങൾക്ക് മുൻപിൽ ഉപവാസമിരിക്കുന്ന ഉത്തമന്റെ ചിത്രം. തൃശൂരിൽ തന്നെ രണ്ട് വർഷം മുൻപ് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തിരുന്നു.
രക്ഷക്
ഹൈഫ്രീക്വൻസി റേഡിയോ അധിഷ്ഠിത മുന്നറിയിപ്പ് സംവിധാനമാണ് രക്ഷക് എന്ന വാക്കി ടോക്കി. അപകടമേഖലകളിൽ ഗാംഗ്‌മാൻമാക്കും കീമാൻമാർക്കും ഈ ഉപകരണം രക്ഷാമാർഗമാകും. ഒരു പരിധിവരെ വൻഅപകടങ്ങൾ തടയാനും കഴിയും. ട്രെയിനുകൾ എത്തുന്നത് മുൻകൂട്ടി അറിയാനും കൃത്യമായി സുരക്ഷിതമായ സ്ഥാനത്തേക്ക് മാറി നിൽക്കാനും വാക്കി ടോക്കിയിലൂടെ നിർദേശം നൽകാനാകും.