
തൃശൂർ: സ്വന്തം വീഴ്ചകൾ മറച്ചുവച്ചും പോരായ്മകൾ സ്വയം അംഗീകരിക്കാതെയും തോൽവിയുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനുള്ള രാഷ്ട്രീയ കൗശലത്തിന്റെ ഭാഗമാണ് ക്രൈസ്തവ സഭകൾക്കെതിരെയുള്ള സി.പി.എം വിമർശനമെന്ന് തൃശൂർ അതിരൂപത പാസ്റ്റർ കൗൺസിൽ. ലോക്‌സഭാ തിരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിൽ ക്രൈസ്തവ സഭയ്‌ക്കെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് കൗൺസിൽ ഭാരവാഹികൾ രംഗത്തെത്തിയത്.
തിരഞ്ഞെടുപ്പുകളിൽ ഒരു രാഷ്ട്രീയ കക്ഷിയേയോ മുന്നണികളെയോ അതിരൂപത പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്യാറില്ലെന്ന് കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, മുൻ സെക്രട്ടറി അഡ്വ.ബിജു കുണ്ടുകുളം, കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ഡോ.ജോബി തോമസ് കാക്കശ്ശേരി എന്നിവർ പറഞ്ഞു.
ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളെ മാനിക്കുന്നവരും ദൈവവിശ്വാസികളും ന്യൂനപക്ഷ അവകാശങ്ങൾ മാനിക്കുന്ന കക്ഷികളെയും നേതാക്കളെയും അംഗീകരിക്കുന്ന നിലപാടാണുള്ളത്. തൃശൂർ പാർലമെന്റ് മണ്ഡലത്തിന്റെ കാര്യം പറയുന്നവർ തൃശൂർ അതിരൂപതയിൽ ഉൾക്കൊള്ളുന്ന ആലത്തൂരിന്റെ കാര്യത്തിൽ മിണ്ടുന്നില്ല. സമുദായത്തെയും അതിരൂപതാ നേതൃത്വത്തെയും അപമാനിച്ചും തെറ്റുകാരായി ചിത്രീകരിച്ചും ഒറ്റപ്പെടുത്താമെന്നത് വ്യാമോഹമാണ്.