വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയ്ക്ക് വിവിധ ഏജൻസികളുടെ പുരസ്‌കാരങ്ങൾ നേടികൊടുത്ത ഉദ്യാനപാത പദ്ധതി കരിഞ്ഞുണങ്ങുന്നു. അവാർഡ് പ്രഖ്യാപനങ്ങൾ കഴിഞ്ഞപ്പോൾ നഗരസഭ ഉദ്യാന പാതയെ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് ആരോപണം. അത്താണി മുതൽ അകമല വരെ സംസ്ഥാന പാതയോരത്ത് പൂചെടികളും ഇല ചെടികളും നട്ടുപിടിപ്പിച്ച് മനോഹരമാക്കുമെന്നായിരുന്നു നഗരസഭയുടെ പ്രഖ്യാപനം. ഇതിന് വേണ്ടി ലക്ഷങ്ങളാണ് നഗരസഭ ചിലവഴിച്ചത്. നൂറ് കണക്കിന് ചെടികൾ നഗരസഭ വാങ്ങി അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ ഉപയോഗിച്ച് നട്ടുപിടിപ്പിച്ചു. കൂടാതെ നഗരസഭയുടെ ആഹ്വാനമനുസരിച്ച് വിവിധ സംഘടനകളും സ്ഥാപനങ്ങളും ചെടികൾ നട്ടുപിടിപ്പിച്ചു. നഗരസഭ വിവിധ പുരസ്‌കാരങ്ങൾക്കായി സമർപ്പിച്ച പദ്ധതികളിൽ ഏറെ ശ്രദ്ധേയം ഉദ്യാനപാത പദ്ധതിയായിരുന്നു. ഉദ്യാനപാതയുടെ പ്രചരണത്തിന് കോളജ് വിദ്യാർഥികളും രംഗത്തിറങ്ങിയിരുന്നു. അത്താണി മുതൽ അകലമല വരെ വീടുകളിൽ കയറിയിറങ്ങി ബോധവത്കരണം നടത്തി. ടാങ്കറിൽ വെള്ളമെത്തിച്ച് നനച്ചായിരുന്നു നഗരസഭ ചെടികൾ സംരക്ഷിച്ചിരുന്നത്. ഇന്ന് മുഴുവൻ ചെടികളും കരിഞ്ഞുണങ്ങിയ നിലയിലാണ്. അധികൃതരുടെ ഈ അനാസ്ഥക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇപ്പോൾ പെയ്യുന്ന ശക്തമായ മഴയിൽ പാർളിക്കാട് ബൈപാസിൽ അതിജീവന സന്ദേശവുമായി ഏതാനും ചെടികൾ പൂവിട്ടിട്ടുണ്ട്.
ജനനി സാംസ്‌കാരിക പരിസ്ഥിതി കൂട്ടായ്മ ഉദ്യാനപാത പദ്ധതിയുടെ നേട്ടത്തിനായി സെക്രട്ടറി കെ.കെ. മനോജിന് പുരസ്‌കാരം നൽകി. കൂടാതെ സ്വച്ഛ് സർവേഷൻ റാങ്കിൽ രാജ്യത്ത് 73-ാം സ്ഥാനം നേടികൊടുക്കുന്നതിലും പങ്കു വഹിച്ചു. സ്വരാജ് പുരസ്‌കാരത്തിന് നഗരസഭയെ എത്തിക്കുന്നതിലും ഉദ്യാനപാത പ്രധാനപങ്കാണ് വഹിച്ചത്.