വടക്കാഞ്ചേരി: മേലിലത്ത് വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായി. കഴിഞ്ഞദിവസം രാത്രി കട്ടിലപ്പൂവം, മേലിലം മേഖലയിലാണ് ആനയെത്തിയത്. താഴത്ത് മാരിയിൽ കുരിയൻ, വെള്ളാരത്തിൽ ജെയിംസ്, നെല്ലിക്കുന്നേൽ ഫിലിപ്പ് എന്നിവരുടെ പറമ്പിലാണ് ആനയെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലായി 500 വാഴകൾ, 200 ജാതികൾ, 200 ഓളം തെങ്ങ്, ഓണത്തിന് വിളവെടുക്കാൻ ഒരുക്കിയ 500 നേന്ത്ര വാഴകൾ എന്നിവ നശിപ്പിച്ചു. കോവൽ, കൊള്ളി, പാവൽ കൃഷികളും, മറ്റ് പച്ചക്കറിക്കൃഷിയും നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു. റബർ മരങ്ങളുടെ ചില്ലകളും ഒടിച്ചിട്ടു. 5 ഏക്കർ സ്ഥലത്താണ് കാർഷിക നാശം. മേലിലത്ത് ഇതിന് മുമ്പും ആനകൾ കൃഷി നാശം സൃഷ്ടിച്ചിരുന്നു. വിവരമറിഞ്ഞ് വനപാലകരും സ്ഥലത്തെത്തി. വാഴാനി മേഖലയിലെ ആദിവാസി കുടുംബങ്ങളും ഏറെ ദുരിതത്തിലാണ്.
തുരത്താൻ നടപടിയില്ല
കുതിരാൻ തുരങ്കം തുറന്നതോടെ കാട്ടാനകൾ കൂട്ടത്തോടെ മച്ചാട് വനമേഖലയിലേക്ക് പ്രവേശിച്ചതായി അധികൃതർ വിലയിരുത്തുമ്പോഴും തുരത്താൻ നടപടിയില്ല. നേരത്തെ കാട്ടുപന്നി, മയിൽ, മുള്ളൻപന്നി എന്നിവ കൃഷിയിടത്തിലിറങ്ങി നാശം വിതയ്ക്കുന്നതായിരുന്നു പ്രതിസന്ധി. തുരങ്കം തുറന്നതോടെ ഈ മേഖലയിലുണ്ടായിരുന്ന പത്തൊമ്പതോളം ആനകൾ പുതിയ ആന വഴിത്താരയിലൂടെ മച്ചാട് വനമേഖലയിൽ എത്തിപ്പെട്ടതായി വനം വകുപ്പും സംശയിക്കുന്നു. ജനവാസ മേഖലയിൽ തുടർച്ചയായി ആനകളെ കണ്ടെത്തുന്നത് ഇത് മൂലമാണെന്നാണ് നിരീക്ഷണം.
തുരത്താൻ ഗുണ്ട്
വെള്ളവും ഭക്ഷണവുമില്ലാത്ത സാഹചര്യത്തിലാണ് ആനകൾ ജനവാസ മേഖലയിലെത്തിയിരുന്നതെങ്കിൽ ഇപ്പോൾ സ്ഥിതി മാറി. കാലവർഷക്കാലത്തും ആനക്കൂട്ടങ്ങളെത്തുന്നു. വന്യജീവികൾ വനത്തിൽ നിന്ന് പുറത്തിറങ്ങാതിരിക്കാൻ കിടങ്ങുകൾ നിർമ്മിക്കുക, സോളാർ ഫെൻസിംഗ് നടത്തുക തുടങ്ങിയ ആവശ്യങ്ങളും ഉയരുകയാണ്. ആനയിറങ്ങിയെന്ന് കേട്ടാൽ ഉഗ്ര ശബ്ദമുള്ള ഗുണ്ടുമായി വനം വകുപ്പ് ഉദ്യോഗസ്ഥരെത്തുമെന്ന് പ്രദേശ വാസികൾ പറയുന്നു. തലങ്ങും വിലങ്ങും എറിയും. ശബ്ദം കേട്ട് ആന കാടുകയറണം.
കട്ടിലപൂവ്വം ജനവാസ മേഖലയിൽ തുടർച്ചയായി ഇറങ്ങുന്ന കാട്ടാനകൾ തകർത്തെറിയുന്നത് കർഷകരുടെ സ്വപ്നങ്ങളാണ്. ഒരു ലക്ഷത്തിലധികം രൂപയുടെ നാശനഷ്ടമുണ്ടായി.
ഇന്ദിരാ മോഹൻ
മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ്