ചാലക്കുടി: യു.ഡി.എഫ് ഭരിക്കുന്ന ചാലക്കുടി നഗരസഭയിൽ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനം ലഭിക്കാത്തതിൽ മുസ്ലിം ലീഗിന് അമർഷം. തങ്ങളുടെ പ്രതിനിധി കെ.ജെ.ജോജിയെ തഴഞ്ഞതിൽ പ്രതിഷേധിച്ച് ലീഗ് ഭാരവാഹികൾ വാർത്താ സമ്മേളനം നടത്തി. എല്ലാ കാലത്തും ചാലക്കുടിയിലെ യു.ഡി.എഫ് സംവിധാനത്തിൽ മുസ്ലിം ലീഗ് ഉറച്ചു നിന്നിട്ടുണ്ടെന്നും ഏറെ കാലത്തിനുശേഷം ഇത്തവണയാണ് തങ്ങളുടെ സ്ഥാനാർത്ഥി ജയിച്ച് നഗരസഭ കൗൺസിലിൽ എത്തിയത്. അഞ്ചുവർഷത്തിനുള്ളിൽ ഒരുതവണ ജോജിയെ ഏതെങ്കിലും സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കുമെന്ന് കോൺഗ്രസ് നേതൃത്വം ഉറപ്പ് നൽകിയിരുന്നെന്നും ഭാരവാഹികൾ പറഞ്ഞു. എന്നാൽ ഇപ്പോൾ അവർ ആ വാക്കു മാറി. കോൺഗ്രസിലുള്ള കൗൺസിലർമാർക്ക് പോലും സ്ഥാനം നൽകാൻ കഴിയാത്ത സാഹചര്യമാണെന്നാണ് നേതാക്കൾ കാരണമായി പറയുന്നത്. ഇവരുടെ ഈ നിലപാട് നീതി രഹിതമാണെന്ന് ലീഗ് ഭാരവാഹികൾ കുറ്റപ്പെടുത്തി. വാർത്താ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ഐ.ഐ.അബ്ദുൽ മജീദ്,ചാലക്കുടി നിയോജക മണ്ഡലം പ്രസിഡന്റ് മീരാസ വെട്ടുക്കൽ, നഗരസഭാ കൗൺസിലർ കെ.ജെ.ജോജി,സലിം നാലകത്ത്,എം.എ.അക്‌സർ,പി.എസ്.ഇസ്മയിൽ ഹാജി എന്നിവർ പങ്കെടുത്തു.