ചാലക്കുടി: ഇന്ത്യയിൽ ആദ്യമെന്ന പ്രഖ്യാപനവുമായി ഉദ്ഘാടനം കഴിഞ്ഞ സഞ്ചരിക്കുന്ന കക്കൂസ് മലിന്യ സംസ്‌കരണ പ്ലാന്റായ മൊബൈൽ ഫീക്കൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ഇപ്പോഴും കട്ടപ്പുറത്തുതന്നെ. ഉദ്ഘാടനം കഴിഞ്ഞ് മൂന്നു മാസം പിന്നിട്ടപ്പോഴും ഇതിനു വേണ്ടി സജ്ജമാക്കിയ വാഹനം കലാഭവൻ മണി പാർക്കിനരികിൽ വെറുതെ കിടക്കുകയാണ്. പ്ലാന്റ് ഇനിയും പ്രവൃത്തന ക്ഷമമായിട്ടില്ല. വീടുകളിൽ നേരിട്ട് വാഹനമെത്തി ആധുനിക സംവിധാനങ്ങളോടെ ടോയ്‌ലറ്റ് മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌കരിക്കുന്ന സംവിധാനത്തിന് 45 ലക്ഷം രൂപ ചെലവായി. കക്കൂസ് മാലിന്യങ്ങൾ ശേഖരിക്കുന്നതിന് ഫീസ് ഇതുവരെയും നിശ്ചയിച്ചിട്ടില്ല. വീടുകൾ, വാണിജ്യ സ്ഥാപനങ്ങൾ, ഫ്‌ളാറ്റുകൾ എന്നിവയ്ക്ക് പ്രത്യേകം നിരക്കുകൾ ഈടാക്കുമെന്ന്് നേരത്തെ പറഞ്ഞിരുന്നു. എല്ലാ മെഷിനറുകളും ഘടിപ്പിച്ചിരിക്കുന്ന വാഹനമാണ് കഴിഞ്ഞ് മാർച്ച് 2ന് ബെന്നി ബെഹന്നാൻ എം.പി ഉദ്ഘാടനം ചെയ്തത്. പിന്നീട് ഇതിനുള്ളിലെ ഒരു മെഷ്യൻ കേടുവന്നതിനെ തുടർന്ന് വാഹനം കമ്പനിയിലേയ്ക്ക് കൊണ്ടു പോയിരുന്നു. എന്നാൽ തിരിച്ചെത്തി ഒരുമാസം കഴിഞ്ഞിട്ടും നഗരസഭ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.
വീടുകളിൽ നേരിട്ട് വാഹനമെത്തി ആധുനിക സംവിധാനങ്ങളോടെ ടോയ്‌ലറ്റ് മാലിന്യങ്ങൾ സംസ്‌കരിക്കുന്ന സംവിധാനമാണ് മൊബൈൽ ഫീക്കൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ്. കേന്ദ്ര സർക്കാരിന്റെ അംഗീകൃത സ്ഥാപനമായ ഡിണ്ടിഗലിലെ വാഷ് ഇൻസ്റ്റിറ്റിയൂട്ട് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യ ഉപയോഗിച്ച് തിരുവനന്തപുരത്തെ ഭൗമ എൻവി രോടെക് എന്ന സ്ഥാപനമാണ് നിർമ്മാണം നടത്തിയത്. ട്രീറ്റ്‌മെന്റ് യൂണിറ്റിന്റെ ശേഷി മണിക്കൂറിൽ 6000 ലിറ്റർ ആണ്. വാഹനത്തിൽ തയ്യാറാക്കിയ ആധുനിക യന്ത്രസാമഗ്രികൾ ഉൾപ്പെടുന്ന പ്ലാന്റ് വീടുകളിലും സ്ഥാപനങ്ങളിലും നേരിട്ടെത്തി സെപ്റ്റിക്ക് ടാങ്ക് ക്ലീൻ ചെയ്യും.