ഇരിങ്ങാലക്കുട : കാട്ടൂരിലെ കിണറുകളിൽ രാസ മാലിന്യം കലരുന്നതുമായി ബന്ധപ്പെട്ട് ക്രിയാത്മകമായ നടപടികളുമായി കാട്ടൂർ പഞ്ചായത്ത്. പ്രദേശവാസികളുടെ പരാതിയെത്തുടർന്നും മാദ്ധ്യമ വാർത്തകളെതുടർന്നുമാണ് നടപടി. കാട്ടൂർ മിനി ഇന്റസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് പുറന്തളുന്ന രാസമാലിന്യം കിണറുകളിൽ കലരുന്നു എന്നതായിരുന്നു പ്രദേശവാസികളുടെ പരാതി. എസ്‌റ്റേറ്റിന് സമീപത്തെ കിണറുകളിലെ വെള്ളം രാസ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ റിപ്പോർട്ട് വരുന്നതോടെ വെള്ളത്തിലെ വിഷാംശം സംബന്ധിച്ച് വ്യക്തത വരും. തുടർന്ന് പഞ്ചായത്തും മലിനീകരണ നിയന്ത്രണ ബോർഡും നടപടി സ്വീകരിക്കും.
രാസമാലിന്യം കലരുന്നത് മൂലം ചിലരുടെ കിണറുകളിലെ വെള്ളം ഉപയോഗിക്കാനാകാത്ത സ്ഥിതിയായിരുന്നു. പ്രതിപക്ഷമായ കോൺഗ്രസ് ഇതിനെതിരെ സമരരംഗത്ത് വരികയും ചെയ്തിരുന്നു.
എസ്റ്റേറ്റിന് സമീപത്തെ കിണറുകളിലെ ജലം ശേഖരിച്ച് വിദഗ്ദ പരിശോധനയ്ക്കായി എറണാകുളത്തെ ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം വേണമെന്ന് പൊല്യൂഷൻ കൺട്രോൾ ബോർഡിനോട് ആവശ്യപ്പെട്ടു. മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപെട്ടാൽ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
- ടി.വി. ലത
(പഞ്ചായത്ത് പ്രസിഡന്റ്)