rail

വടക്കാഞ്ചേരി : എങ്കക്കാട്, മങ്കര, കരുമത്ര, വിരുപ്പാക്ക, വാഴാനി എന്നിവിടങ്ങളിലെ ആയിരങ്ങൾക്ക് മുന്നിൽ ദുരിതത്തിന്റെ കോട്ടകെട്ടുകയാണ് ഓട്ടുപാറ പട്ടണത്തോട് ചേർന്നുള്ള എങ്കക്കാട് റെയിൽവേ ഗേറ്റ്. സമീപത്തെ എങ്കക്കാട് നിവാസികൾക്കാണ് ദുരിതം കൂടുതൽ. ഗേറ്റ് ദിവസവും 18 മണിക്കൂറിലധികം അടഞ്ഞുകിടക്കും. ഗേറ്റ് അടച്ചാൽ ഇരുഭാഗത്തും വാഹനങ്ങളുടെ നിര കിലോമീറ്ററോളം നീളും. രണ്ടും, മൂന്നും ട്രെയിനുകൾ പോയ ശേഷമാണ് തുറക്കുക. ഒരു അടവിൽ പത്ത് മിനിറ്റോളം കുരുക്ക് ഉറപ്പ്. വന്ദേഭാരത് ട്രെയിനെത്തിയതോടെ ദുരിതം ഇരട്ടിച്ചു. ഈ ട്രെയിൻ ഷൊർണൂരും മുളങ്കുന്നത്തുകാവും വിട്ടാൽ ഗേറ്റ് അടച്ചിടും. വേഗക്കൂടുതലും ഇടയിൽ സ്‌റ്റോപ്പും ഇല്ലാത്തതാണ് കാരണം. നൂറിനടുത്ത് യാത്രാ ട്രെയിനും, അത്ര തന്നെ ചരക്ക് ട്രെയിനും കടന്നുപോകുന്നുണ്ടെന്നാണ് റെയിൽവേയുടെ കണക്ക്.

ഷൊർണൂർ - തൃശൂർ റെയിൽപാതയോളം പഴക്കമുണ്ട് ഗേറ്റിന്. അന്ന് ട്രെയിനുകളും നിരത്തിലൂടെ ഓടുന്ന വാഹനങ്ങളും കുറവായിരുന്നു. പ്രതിദിനം 200 തവണയെങ്കിലും അടച്ചിടുമെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനിടയിൽ തകരാറുകളും, അറ്റകുറ്റ പണികളും വന്നാൽ കിലോമീറ്ററുകൾ ചുറ്റിത്തിരിയണം. മേൽപ്പാലത്തിന് ഒന്നര പതിറ്റാണ്ട് മുമ്പ് ചില നടപടികൾക്ക് തുടക്കം കുറിച്ചിരുന്നെങ്കിലും തുടർപ്രവർത്തനമുണ്ടായില്ല. നഗരത്തെ ഒഴിവാക്കിയുള്ള ബൈപാസ് ബഡ്ജറ്റിൽ ഉൾപ്പെട്ടെങ്കിലും തുടർനടപടികളും അനിശ്ചിതത്വത്തിലാണ്.


മേൽപ്പാലത്തിനായി ആക്ഷൻ കൗൺസിൽ

മേൽപ്പാലത്തിനായി നഗരസഭ മുൻ കൗൺസിലർ വി.പി.മധു, മുൻപഞ്ചായത്ത് മെമ്പർ പി.കെ.വിജയൻ എന്നിവരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിലിന് രൂപം നൽകിയിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപായി ആലത്തൂരിൽ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികൾക്കും ഭീമ ഹർജിയും നൽകി. എം.പി.യായി തിരഞ്ഞെടുക്കപ്പെട്ട കെ.രാധാകൃഷ്ണൻ പ്രശ്‌നത്തിൽ അടിയന്തര ഇടപെടൽ നടത്തുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

വ്യാപാരിയുടെ മരണം: വില്ലനായി ഗേറ്റ്

വ്യാപാരി വ്യവസായി ഏകോപന സമിതി വടക്കാഞ്ചേരി യൂണിറ്റ് സെക്രട്ടറി വി.എസ്.അനിൽകുമാറിന്റെ മരണത്തിൽ വില്ലനായത് റെയിൽവെ ഗേറ്റ്. പുലർച്ചെ നെഞ്ച് വേദന അനുഭവപ്പെട്ട അനിലുമായെത്തിയ ആംബുലൻസിന് മുന്നിൽ ഗേറ്റ് അടഞ്ഞുകിടന്നു. മൂന്ന് ട്രെയിനുകളാണ് കടന്നുപോകാനുണ്ടായിരുന്നത്. ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു.

ഗേറ്റ് തീരാശാപമാണ്. മേൽപ്പാലം ഉടൻ സ്ഥാപിക്കണം. സംഘടനയുടെ വാർഷിക പൊതുയോഗം ഇത് സംബന്ധിച്ച് പ്രമേയം പാസാക്കിയിരുന്നു. ജനകീയ ദുരിതത്തിന് പുതിയ എം.പി അടക്കമുള്ളവർ മുൻകൈയെടുക്കുമെന്നാണ് പ്രതീക്ഷ.

അജിത് കുമാർ മല്ലയ്യ
യൂണിറ്റ് പ്രസിഡന്റ്
വ്യാപാരി വ്യവസായി ഏകോപന സമിതി.