ചെറുതുരുത്തി: കഴിഞ്ഞവർഷം കേരളകലാമണ്ഡലത്തിൽ വിതരണം ചെയ്ത യൂണഫോമിൽ ക്രമക്കേടുകൾ നടത്തിയെന്ന് ആരോപിച്ച് കേരള കലാമണ്ഡലം വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ സമരം നടത്തി. കലാമണ്ഡലം ജീവനക്കാർക്കെതിരെ വ്യത്യസ്ത രീതിയിൽ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് വിദ്യാർത്ഥികൾ രംഗത്തിറങ്ങിയത്. വഞ്ചിപ്പാട്ടിന്റെ താളത്തിലും കവിതയുടെ ഈണത്തിലുമാണ് വിദ്യാർത്ഥികൾ സമരം വിളിച്ചു തുടങ്ങിയത്. ഒരേ ബാച്ചിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ യൂണഫോമിന് തുക ഈടാക്കുന്നതെന്ന് ആരോപിച്ചായിരുന്നു സമരം. പലരിൽനിന്ന് 4500 രൂപയും 3500 രൂപയുമാണ് ഈടാക്കിയത്. എന്നാൽ എല്ലാവർക്കും ഒരു യൂണഫോം മാത്രമാണ് കഴിഞ്ഞവർഷം വിതരണം ചെയ്തത്. നിരവധി പരാതികൾ നൽകിയിട്ടും മറുപടി ലഭിച്ചില്ലെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം പതിനെട്ടാം തീയതി സൂചനാ പഠിപ്പുമുടക്ക് സമരം നടത്തുകയും വൈസ് ചാൻസിലർക്കും മന്ത്രിക്കും നിവേദനം നൽകുകയും ചെയ്തിരുന്നു. നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിത്താണ് സമരം. അനുകൂലമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഡാൻസ് ഉൾപ്പടെയുള്ള കലകൾ തെരുവിൽ കളിച്ചുകൊണ്ട് സമരം ചെയ്യുമെന്നും വിദ്യാർത്ഥികൾ അറിയിച്ചു. വിദ്യാർത്ഥി യൂണിയൻ സെക്രട്ടറി ബി.അമ്ൽജിത് , വൈസ് ചെയർപേഴ്‌സൺ ശ്രീലക്ഷ്മി പ്രദീപ്, യൂണിയൻ ഭാരവാഹികളായ കെ.എസ്.കൃഷ്ണദാസ് ,എം.എസ്. അമർനാഥ് , വേണി ബാബു എന്നിവർ സമരത്തിന് നേതൃത്വം നൽകി.