പാവറട്ടി: ചിറ്റാട്ടുകര പോൾ മാസ്റ്റർപടിയുടെ സമീപം നിർമ്മിച്ച സംരംഭകർക്കായുള്ള സ്റ്റാർട്ടപ്പ് കെട്ടിടം പഞ്ചായത്തിന് കൈമാറും. ഇന്നലെ ചേർന്ന ഭരണസമിതി യോഗത്തിലാണ് തീരുമാനം. തീരുമാനത്തിൽ പ്രതിഷേധിച്ച് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോക്ക് നടത്തി. തീരുമാനത്തിൽ വിയോജനക്കുറിപ്പും രേഖപ്പെടുത്തി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 2019-20 കാലഘട്ടത്തിൽ 13.5 ലക്ഷം ചെലവിൽ നിർമ്മിച്ചതാണ് കെട്ടിടം. കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം ഗ്രാമ വികസന കമ്മീഷണറുടെ പേരിലാണെന്നും അത് കൈമാറുന്നതിനും ചില ചട്ടങ്ങളുണ്ടെന്നും ഇതൊന്നും പാലിച്ചില്ലെന്ന് ആരോപിച്ചാണ് യു.ഡി.എഫ് അംഗങ്ങൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. നിയമവിരുദ്ധവും നിലവിലുള്ള ചട്ടങ്ങൾക്കെതിരുമായ ഈ തീരുമാനം റദ്ദ് ചെയ്യണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.
ഉദ്ഘാടനം കഴിഞ്ഞ് നാളിതുവരെയായിട്ടും ഒരു സംരംഭവും ആരംഭിക്കാത്തതിലും യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി യോഗനോട്ടീസിന്റെ അജണ്ടയിൽ ഇക്കാര്യം വ്യക്തമാക്കാതെ മീറ്റിങ്ങിലെ കുറുക്കുവഴിയിലൂടെ എളവള്ളി പഞ്ചായത്തിന് കെട്ടിടം സൗജന്യമായി വിട്ടുകൊടുക്കുന്നത് ബ്ലോക്ക് പഞ്ചായത്തിന് ആ കെട്ടിടം വഴി ലഭിക്കേണ്ട തനത് ഫണ്ട് നഷ്ടപ്പെടുത്തുകയാണെന്ന് ആരോപണമുണ്ട്. ഇറങ്ങിപ്പോക്കിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഒ.ജെ ഷാജൻമാസ്റ്റർ, ഷെരീഫ് ചിറക്കൽ, ഗ്രേസി ജേക്കബ് , മിനി ലിയോ എന്നിവർ പങ്കെടുത്തു.