
കൊടുങ്ങല്ലൂർ : സാംസ്‌കാരിക പ്രവർത്തകനും ചരിത്രാന്വേഷകനും, നാട്ടറിവ് വിദഗ്ദ്ധനുമായ കെ.കെ.അംബുജാക്ഷന്റെ സ്മരണാർത്ഥം അനുസ്മരണസമിതി ഏർപ്പെടുത്തിയ 2024ലെ പുരസ്‌കാരം അണ്ണല്ലൂർ സ്വദേശി വാത്യാട്ട് ശ്രീധരന്. നാലു പതിറ്റാണ്ടിന്റെ സാമൂഹിക-സാംസ്‌കാരിക പാരിസ്ഥിതിക ആക്ടിവിസത്തിനാണ് അവാർഡ്.
കുട്ടികൾ തൊട്ട് വയോജനങ്ങൾ വരെയും ചരിത്രം മുതൽ സാഹിതി സദസിനപ്പുറവും ശ്രീധരൻ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ദേശീയതലം വരെയുള്ള ഒമ്പത് ബഹുമതികൾക്ക് അർഹനായി. സംഗീത നാടക അക്കാഡമി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന വി.കെ.ശ്രീധരൻ ഇപ്പോൾ കില ഫാക്കൽറ്റിയും ഇൻസ്‌പെയർ ഇന്ത്യ എന്ന സന്നദ്ധ സംഘടനയുടെ സെക്രട്ടറിയുമാണ്. 17 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. ജൂലായ് 28 ന് കൊടുങ്ങല്ലൂരിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാര ദാനം നടത്തും.