വടക്കാഞ്ചേരി: രണ്ട് വർഷം കഴിഞ്ഞിട്ടും തെക്കുംകര പഞ്ചായത്തിലെ 6.47 കിലോമീറ്റർ റോഡ് നിർമ്മാണം പൂർത്തിയാക്കാതെ നീളുന്നു. പുന്നംപറമ്പ് മുതൽ മാടക്കത്തറ പഞ്ചായത്തിലെ ചെന്നിക്കര വരെ നീളുന്ന റോഡ് പണിയാണ് ഇഴഞ്ഞ് നീങ്ങുന്നത്. ഇനിയുമുണ്ട് ഒന്നര കിലോമീറ്റർ പ്രവൃത്തി. 2022 ഒക്ടോബർ 18നാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. 2023 ഒക്ടോബർ 17 ന് മുഴുവൻ പ്രവൃത്തികളും പൂർത്തീകരിക്കണമെന്നായിരുന്നു കരാർവ്യവസ്ഥ.
നിലവിൽ മലാക്ക കനാൽ പാലം മുതൽ ചെന്നിക്കര വരെയുള്ള പ്രവൃത്തനങ്ങൾ മാത്രമാണ് പൂർത്തിയായിട്ടുള്ളത്. ഈ ഭാഗത്ത് കാനയില്ലാത്തതിനാൽ റോഡ് തകർച്ചാഭീക്ഷണിയിലുമാണ്. കനത്ത മഴയിൽ വെള്ളം ഒഴുകുന്നത് റോഡിലൂടെയാണ്. ഇതിമൂലം റോഡിന്റെ വശങ്ങൾ ഇടിയുന്നുണ്ട്.
പ്രധാനമന്ത്രി ഗ്രാമീണ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരമാണ് റോഡ് നിർമ്മാണം. 407.48 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. കേന്ദ്ര ഗ്രാമ വികസന മന്ത്രാലയമാണ് തുക അനുവദിച്ചത്. കേരള സംസ്ഥാന ഗ്രാമീണ റോഡ് വികസന ഏജൻസിക്കാണ് നടത്തിപ്പ് ചുമതല. ചേലക്കര മേപ്പാടം സ്വദേശി വി.വി ജോൺസനാണ് കരാറുകാരൻ. 12 കലുങ്ക് അടക്കമാണ് പ്രവൃത്തി. മൺപണിയും മെറ്റലിങ്ങ് പ്രവർത്തനവും കരാറിലുണ്ട്. 2023 ഒക്ടോബർ 17 ന് കരാർവ്യവസ്ഥ പാലിക്കാൻ കഴിയാത്തതിനാൽ നിർമ്മാണ പൂർത്തീകരണ തീയതി അടുത്ത മാസം 17 വരെ നീട്ടി നൽകിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ തീയതിയും നിർമ്മാണ പൂർത്തീകരണത്തിനുള്ള സാധ്യതയും വിദൂരമാണെന്ന് നാട്ടുകാർ പറയുന്നു. റോഡ് പണി നീളുന്നതിനെതിരെ നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
വടക്കാഞ്ചേരി : നിർമ്മാണ പ്രവർത്തനങ്ങൾക്ക് 407.48 ലക്ഷം അനുവദിച്ചപ്പോൾ ഒരു വർഷം അറ്റകുറ്റ പണിക്ക് 36.61 ലക്ഷം രൂപയാണ് നീക്കിവെച്ചത്. യഥാസമയം പണി പൂർത്തിയാകാത്തതിനെ തുടർന്ന് കരാറുകാരന് 8 മാസം അധികം നൽകിയപ്പോൾ റോഡിന്റെ അറ്റകുറ്റപണികളുടെ തീയതിയിൽ മാറ്റമില്ലാത്തത് ചർച്ചയാകുകയാണ്. പുതിയ നിർമ്മാണ തീയതി അനുസരിച്ച് നിലവിൽ അറ്റകുറ്റ പണി നടത്താൻ കരാറുകാരന് ഒരു ബാധ്യതയുമില്ലെന്ന സ്ഥിതിയാണ്.
പുന്നംപറമ്പിൽ സ്ഥാപിച്ച ബോർഡു പ്രകാരം കഴിഞ്ഞ വർഷം ഒക്ടോബർ 17 ന് അറ്റകുറ്റ പണിയുടെ കാലാവധി കഴിഞ്ഞെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
നിർമ്മാണത്തിന്റെ ഭാഗമായി റോഡ് അടച്ചതോടെ മാസങ്ങളായി പുന്നംപറമ്പ്-പഴയന്നൂപ്പാടം റൂട്ടിൽ സർവീസ് നടത്തുന്ന 7 സ്വകാര്യ ബസുകളടക്കം സഞ്ചാരം വാഴാനി കനാൽ ബണ്ടിലൂടെയാണ്. മറ്റ് വാഹനങ്ങളും നിരന്തരം കടന്ന്
പോകുന്നതോടെ കനാൽ ബണ്ട് പൂർണമായും തകർന്നു. കനത്ത മഴ ആരംഭിച്ചതോടെ ഇടുങ്ങിയ പാത ബസ് ഗതാഗതത്തിന് അനുയോജ്യമല്ലാത്ത സ്ഥിതിയാണ്.