photo

വടക്കാഞ്ചേരി : കാർഷിക വിള നശിപ്പിക്കാൻ കാട്ടുപന്നികളും മയിലുകളും എത്തുന്നതോടെ കൃഷി ഉപേക്ഷിച്ച് കർഷകൻ. കാട്ടുപന്നികൾ കൃഷിയിടം കുത്തിമറിക്കുകയും മയിലുകൾ വിളകൾ കൊത്തി നശിപ്പിച്ചതോടെയും നാല് പതിറ്റാണ്ട് നീണ്ട കാർഷിക വൃത്തി ഉപേക്ഷിക്കുകയാണ് തെക്കുംകര പഞ്ചായത്തിലെ കല്ലംപാറ സ്വദേശി വലിയപറമ്പിൽ സേവ്യർ (70) എന്ന കർഷകൻ. അധികൃതർക്ക് ഒട്ടേറെ പരാതികളും കൃഷി വകുപ്പിന് നിവേദനങ്ങളും തുടർച്ചയായി നൽകിയിട്ടും ഒരു പരിഹാരവും ഉണ്ടായില്ലെന്ന് സേവ്യർ പറയുന്നു. ഒടുവിൽ ഒന്നര ഏക്കർ കൃഷി സ്ഥലം ഉപേക്ഷിച്ച് കർഷകൻ പിൻമാറി. ഇന്ന് ഈ കൃഷി സ്ഥലം തരിശ് ഭൂമിയാണ്. ജൈവ രീതിയിലുള്ള ചങ്ങാലിക്കോടൻ വാഴയും പച്ചക്കറി, കപ്പ ,കൂവ എന്നീ കിഴങ്ങ് വിളകളുമായിരുന്നു കൃഷി ചെയ്തിരുന്നത്. ഓണ വിപണി ലക്ഷ്യം വെച്ച് 300 ഓളം വാഴകളും തിരുവാതിരയ്ക്ക് വേണ്ട കൂവ കൃഷിയും നിത്യ ചെലവിനായുള്ള പച്ചക്കറിയും ഉൽപ്പാദിപ്പിച്ചിരുന്നു. ഇവയെല്ലാം നശിപ്പിച്ചതായും സേവിയർ പറയുന്നു. കഠിനമായി അധ്വാനിക്കാൻ തയ്യാറായിട്ടും കൃഷി ചെയ്യാനാവാത്തതിന്റെ നിരാശയിലാണ് ഈ കർഷകൻ. വരും നാളുകളിൽ കൂടുതൽ കർഷകർ ഈ ദുരിതത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്ന് സേവ്യർ ആശങ്കപ്പെടുന്നു.


നഷ്ടം ചില്ലറയല്ല

വിളകളെല്ലാം നശിച്ചതോടെ കൃഷി ഉപേക്ഷിച്ച സേവ്യറിന് നഷ്ടം ഇതിൽ ഒതുങ്ങില്ല. കൃഷി ആവശ്യത്തിനായ് ഒരു ലക്ഷം രൂപയോളം മുടക്കി നിർമ്മിച്ച ആയിരക്കണക്കിന് ലിറ്റർ സംഭരണശേഷിയുള്ള വാട്ടർ ടാങ്കും അനാഥമാകും. ആടും പശുവും കോഴിയുമെല്ലാമായി സമിശ്ര ജൈവ കൃഷിരീതികളാണ് സേവ്യർ പിൻതുടർന്നിരുന്നത്. കാർഷിക വിളകളുടെ മൂല്യവർധിത ഉത്പന്നങ്ങൾ വീട്ടിൽ തന്നെയുണ്ടാക്കി വിൽപ്പനയും നടത്തിയിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി മുടക്ക് മുതൽ പോലും ലഭിക്കാതെ വന്നതോടെയാണ് സേവിയർ കൃഷി പൂർണമായും ഉപേക്ഷിച്ചത്.