1

കൊടുങ്ങല്ലൂർ: കാലവർഷം ആരംഭിച്ചതോടെ കടലിളക്കവും ജാഗ്രതാ മുന്നറിയിപ്പും മത്സ്യലഭ്യതാക്കുറവും മൂലം പട്ടിണിവട്ടമായി തീരദേശം. മൺസൂൺ കാലത്തെ ട്രോളിംഗ് നിരോധനം വന്നതോടെ ചാകര പ്രതീക്ഷിച്ചിറങ്ങിയ പരമ്പരാഗത വള്ളങ്ങളും മടങ്ങുന്നത് നിരാശയോടെ. ഇതോടെ നൂറുകണക്കിന് മത്സ്യത്തൊഴിലാളി കുടുംബങ്ങൾ വറുതിയിൽ.

കടലിളക്കം മൂലം മത്സ്യബന്ധനത്തിന് പോകരുതെന്ന സർക്കാർ മുന്നറിയിപ്പ് വന്നതോടെയാണ് തീരം പട്ടിണിയിലായത്. മുന്നറിയിപ്പ് ദിവസങ്ങളിൽ കടലിൽ പോകാനാകാത്ത തൊഴിലാളികൾക്ക് ദിവസം 250 രൂപ പ്രകാരം മത്സ്യബന്ധന വകുപ്പ് നേരത്ത നൽകിയിരുന്നു. എന്നാൽ ഇത് കഴിഞ്ഞ രണ്ടു വർഷമായി നിലച്ചിരിക്കുകയാണ്.

കിട്ടാതെ സമാശ്വാസം

ജൂൺ മാസം അവസാനിക്കാറായിട്ടും മത്സ്യത്തൊഴിലാളികളുടെ സമാശ്വാസത്തുക കിട്ടിയില്ലെന്ന് പരാതി. മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ അംഗങ്ങളായവർക്കാണ് ട്രോളിംഗ് നിരോധന കാലമായ മേയ്, ജൂൺ, ജൂലായ് മാസങ്ങളിൽ 1500 രൂപ വീതം ലഭിക്കുക. കേന്ദ്ര- സംസ്ഥാന വിഹിതം ഉൾപ്പെടെയാണ് മൂന്നുമാസം 4500 രൂപ ലഭിക്കുന്നത്. ഈ തുക കിട്ടിയിരുന്നെങ്കിൽ ആശ്വാസമായേനെയെന്നാണ് തൊഴിലാളികളുടെ പക്ഷം.

സൗജന്യ അരി കൂട്ടണം

വറുതിക്കാലത്ത് സൗജന്യമായി ലഭിക്കുന്ന അരിയുടെ അളവ് വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. സൗജന്യഅരി 15 ദിവസത്തിനധികം തീരുന്ന അവസ്ഥയുണ്ട്. കഴിഞ്ഞ വേനൽക്കാലത്തും മത്സ്യക്ഷാമം ഉണ്ടായിരുന്നതിനാൽ പരമ്പരാഗത തൊഴിലാളികൾ പട്ടിണിയിലായിരുന്നു. എന്നാൽ മൺസൂൺ കാലത്ത് ചാകര പ്രതീക്ഷിച്ചിറങ്ങിയ തൊഴിലാളികൾ വെറുംകൈയോടെയാണ് ഇപ്പോൾ മടങ്ങുന്നത്.