മാള / ഇരിങ്ങാലക്കുട : ശക്തമായ മഴയിലും കാറ്റിലും വ്യാപക കൃഷിനാശം. പലയിടത്തും മരങ്ങൾ നിലംപൊത്തി. വീടുകൾക്ക് മുകളിലും വൈദ്യുതി ലൈനുകൾക്ക് മുകളിലും മരം വീണു. പലയിടത്തും ഗതാഗത തടസവുമുണ്ടായി. മഴയിലും കാറ്റിലും ഇരിങ്ങാലക്കുട മേഖലയിൽ കനത്ത നാശ നഷ്ടം. കാറ്റിൽ മരങ്ങൾ വീണ് ഇരിങ്ങാലക്കുട മേഖലയിൽ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി ലൈനുകൾ പൊട്ടിയും പോസ്റ്റുകൾ തകർന്നും വൈദ്യുതി വിതരണം മുടങ്ങി. അരിപ്പാലം, കാക്കാത്തുരുത്തി, എടതിരിഞ്ഞി, പൊറത്തിശ്ശേരി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് വൈദ്യുതി ലൈനുകൾ പൊട്ടി വീണത്. കൊടുങ്ങല്ലൂർ റോഡിലെ ലൈനിൽ മരം വീണ് ഒരു മണിക്കൂറോളം വൈദ്യുതി വിതരണം മുടങ്ങി. കാറ്റിൽ പൂമംഗലം വില്ലേജിൽ മുട്ടത്ത് വേലായുധൻ മകൻ സബീഷിന്റെ വീടിന്റെ മേൽക്കൂര തകർന്നു. പുല്ലൂർ വില്ലേജിൽ നാരാട്ടിൽ അജിത രാമചന്ദ്രന്റെ വീടിന് മുകളിൽ പഞ്ഞിമരം വീണ് ഭാഗികമായി തകർന്നു. ശക്തമായ കാറ്റിൽ താഴേക്കാട് കൂന്തിലി ജോസ് മകൻ സിന്റോ പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്ന വാഴകളിൽ നൂറിലധികം വാഴകൾ ഒടിഞ്ഞ് വീണു.
കുഴൂർ പഞ്ചായത്ത് എട്ടാം വാർഡിലെ ആമക്കുഴിയിൽ കുറ്റിലപ്പറമ്പിൽ ലീല കൃഷി ചെയ്ത വാഴകൾ നശിച്ചു. 25 നേന്ത്രവാഴകളാണ് നിലംപതിച്ചത്. ശക്തമായ കാറ്റിൽ മറ്റ് വാഴകൾക്ക് ഉലച്ചിൽ സംഭവിച്ചത് കൊണ്ട് പഴുപ്പ് ബാധിക്കാനും സാദ്ധ്യതയുണ്ട്. ഓണവിപണി ലക്ഷ്യമിട്ട് പാട്ടത്തിനെടുത്ത ഒരേക്കർ ഭൂമിയിലെ വാഴകളാണ് നശിച്ചത്. ഇവിടെ 175 വാഴകൾ കൃഷി ചെയ്തിട്ടുണ്ട്. ഒരുലക്ഷം രൂപയോളം കർഷകരുടെ സൊസൈറ്റിയിൽ നിന്നും ലോണെടുത്താണ് വാഴക്കൃഷി ചെയ്യുന്നത്. വാഴകൾക്ക് ഇൻഷ്വറൻസ് പരിരക്ഷയുമില്ല. കൃഷിവകുപ്പിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ലീല.