തൃശൂർ: തൃശൂർ പാർലമെന്റ് മണ്ഡലത്തിലെ പരാജയത്തെ കുറിച്ച് പരിശോധിക്കുന്ന കെ.പി.സി.സിയുടെ നേതൃത്വത്തിലുള്ള ഉപസമിതി യു.ഡി.എഫ് കക്ഷികളുടെ അഭിപ്രായം കേൾക്കാൻ തയ്യാറാകണമെന്ന് കേരള കോൺഗ്രസ് ജില്ലാ നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു. യു.ഡി.എഫിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിനെ നേരിട്ട ശേഷം, പരാജയവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമ്പോൾ കക്ഷികളുടെ അഭിപ്രായം കൂടി കേൾക്കേണ്ടത് അനിവാര്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ആലത്തൂർ പാർലമെന്റ് മണ്ഡലത്തിന്റെ പരാജയത്തെക്കുറിച്ചും അന്വേഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. ഇട്ട്യിച്ചൻ തരകൻ, തോമസ് ആന്റണി, ഉണ്ണി വിയ്യൂർ, എം.വി.ജോൺ മാസ്റ്റർ, സി.ജെ.വിൻസന്റ്, എം.കെ.സേതുമാധവൻ, എൻ.ജെ.ലിയോ, ആൻസൺ.കെ.ഡേവിഡ്, കെ.വി.കണ്ണൻ, ടി.പി.സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.