വടക്കാഞ്ചേരി: നിരന്തര അപകട മേഖലയായ പാർളിക്കാട് വ്യാസ കോളേജ് സ്റ്റോപ്പ് ഡിവൈഡറിലേക്ക് ആവശ്യമായ വെളിച്ചം എത്തിക്കാനുള്ള ഉത്തരവാദിത്വം തങ്ങൾക്കല്ലെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം. വെളിച്ചം എത്തിക്കാനുള്ള ഉത്തരവാദിത്വം വടക്കാഞ്ചേരി നഗരസഭാ അധികൃതർക്കാന്നെന്നും അറിയിച്ചു. ഡിവൈഡർ പരിസരത്ത് ആവശ്യമായ വെളിച്ചമില്ലെന്നും ഇത് നിരന്തര അപകടങ്ങൾ സൃഷ്ടിക്കുകയാണെന്നും ചൂണ്ടികാട്ടി പൊതു പ്രവർത്തകനും യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം പ്രസിഡന്റുമായ അനീഷ് കണ്ടം മാട്ടിൽ നൽകിയ പരാതിയിലാണ് അസി: എക്‌സിക്യൂട്ടീവ് എൻജിനീയറുടെ രേഖാമൂലമുള്ള മറുപടി. പാർളിക്കാട് മേഖലയിലെ അപകടങ്ങൾ ഇല്ലാതാക്കാൻ ജനറൽ പ്രൊവൈഡിങ്ങ് റോഡ് സേഫ്റ്റി വർക്‌സ് അറ്റ് പാർലിക്കാട് ഇൻ ഷൊർണൂർ കൊടുങ്ങല്ലൂർ റോഡ് എന്ന പേരിൽ പദ്ധതി തയ്യാറാക്കിയതായും എസ്റ്റിമേറ്റ് സമർപ്പിച്ചതായും മറുപടിയിൽ പറയുന്നു. അനുമതി കിട്ടുന്ന മുറക്ക് നവീകരണ പദ്ധതി ആരംഭിക്കുമെന്നും വ്യക്തമാക്കുന്നു. പാർളിക്കാട് മേഖല നിരന്തര അപകട കെണിയാകുന്നതായി കഴിഞ്ഞ ദിവസം കേരള കൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.