ചേലക്കര: യാത്രക്കാർക്ക് വിശ്രമിക്കാൻ ചേലക്കരയിൽ ഒരുക്കിയ 'വഴിയിടം' പദ്ധതി വഴിയാധാരമാകുന്നു. ചേലക്കര പഞ്ചായത്ത് ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ നിർമിച്ച വഴിയിടമാണ് പ്രവർത്തിക്കാതെ കിടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പന്ത്രണ്ടിന പരിപാടിയുടെ ഭാഗമായുള്ള ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ നിർമ്മിച്ചതാണ് വഴിയിടം. 16 ലക്ഷം ചെലവഴിച്ചാണ് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയത്. 2021 ഒക്ടോബറിൽ ഉദ്ഘാടനവും കഴിഞ്ഞു. വിശ്രമിക്കാനും മുറിയും ടോയ്‌ലറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. എന്നാൽ കെട്ടിടത്തിൽ വെള്ളമില്ലാത്തതായിരുന്നു ആദ്യ പ്രശ്‌നം. പിന്നീട് കുഴൽ കിണർ കുത്തി വെള്ളം ലഭിച്ചു. എന്നാൽ വെള്ളമെടുക്കാൻ മോട്ടറോ മറ്റു കാര്യങ്ങളോ ഒരുക്കുന്നതിന് വൈദ്യുതി കണക്ഷൻ ലഭിച്ചിട്ടില്ല. ഇതാണ് വഴിയിടം തുറക്കാൻ തടസം നേരിടുന്നത്. വഴിയിടം സ്ഥാപിക്കുന്നതിനു മുമ്പ് കംഫർട്ട് സ്റ്റേഷനായിരുന്നു ഇവിടെ. പിന്നീട് അതു പൊളിച്ചു മാറ്റി ഇ. ടോയ്‌ലറ്റ് നിർമ്മിച്ചു. തുടർന്ന് അതും പൂട്ടിയാണ് അവിടെയാണ് വഴിയിടം കെട്ടിയത്. നൂറുകണക്കിനാളുകൾ എത്തിച്ചേരുന്ന മിനി സിവിൽ സ്റ്റേഷനു സമീപം ഈ കെട്ടിടം തുറന്നു പ്രവർത്തനമാരംഭിക്കുന്നതോടെ യാത്രക്കാർക്ക് ആശ്വാസമാകുമായിരുന്നു.