
തൃശൂർ: ജീവിത ശൈലി രോഗങ്ങളെ തുടർന്ന് സംസ്ഥാനത്ത് 2,768 പേർ അവയവമാറ്റത്തിന് കാത്തിരിക്കുമ്പോൾ, മരണാനന്തര അവയവദാനത്തിൽ ഗണ്യമായ കുറവ്. അഞ്ച് വർഷത്തിനിടെ 96 പേരാണ് നൽകിയത്. ഇതോടെ, അവയവ കച്ചവട മാഫിയ കൊഴുക്കുകയാണ്.
ജീവിച്ചിരിക്കുന്നവർക്കും അവയവങ്ങൾ നൽകാമെങ്കിലും ദാതാക്കളെ കിട്ടാത്തതിനാൽ സർക്കാർ തലത്തിൽ അവയവമാറ്റം സ്തംഭിച്ച മട്ടാണ്. മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കാൻ സർക്കാർ സൊസൈറ്റി (കെസോട്ടോ) രൂപീകരിച്ചെങ്കിലും ബോധവത്കരണം ഫലപ്രദമല്ല. അവയവം ആവശ്യമുള്ളവരെയും ദാതാക്കളെയും ഏകോപിപ്പിക്കാൻ 2012ൽ മൃതസഞ്ജീവനി ആരംഭിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ മസ്തിഷ്‌കമരണം സംഭവിച്ചാൽ മൃതസഞ്ജീവനിയിൽ അറിയിക്കണം. തുടർന്ന് കുടുംബാംഗങ്ങളുടെ സമ്മതത്തോടെ പ്രവർത്തന സജ്ജമായ അവയവമെടുത്ത് മുൻഗണന പ്രകാരം നൽകും.
2012ൽ 9 ദാതാക്കളിൽ നിന്ന് 22 അവയവമാറ്റം നടത്തിയാണ് തുടക്കം. 2015ൽ 76 ദാതാക്കളിൽ നിന്ന് 199 അവയവങ്ങൾ മാറ്റിവച്ചു. 2022ൽ ദാതാക്കൾ 14 മാത്രം. അവയവമാറ്റം 53 ആയി കുറഞ്ഞു. 2023 ആഗസ്റ്റ് വരെ ആകെ 1,041 അവയവമാറ്റമേ നടന്നുള്ളൂ.
കെസോട്ടോ
കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്‌ളാന്റേഷൻ ഓർഗനൈസേഷൻ. മരണശേഷവും ജീവിച്ചിരിക്കുമ്പോഴുമുള്ള അവയവദാനം സുതാര്യമാക്കി, ചൂഷണം തടയലാണ് ലക്ഷ്യം. ആരോഗ്യമന്ത്രിയാണ് ചെയർപേഴ്‌സൺ. ആരോഗ്യ വിദഗ്ദ്ധരുടെ ഗവേണിംഗ് ബോഡിയുമുണ്ട്. മുമ്പ് ഇത് കെനോസ് (കേരള നെറ്റ്‌വർക്ക് ഫോർ ഓർഗൺ ഷെയറിംഗ്) ആയിരുന്നു.
49 ആശുപത്രികൾ ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു.
കൂടുതൽ ആവശ്യംകിഡ്നി
(അവയവം കാത്തിരിക്കുന്നവർ)
കിഡ്‌നി....................... 2,265
കരൾ.............................. 408
ഹൃദയം.......................... 71
കൈ...................................11
പാൻക്രിയാസ്............... 10
ചെറുകുടൽ...................... 3
അവയവദാതാക്കളുടെ സംസ്‌കാരത്തിന് തമിഴ്‌നാട്, ഒറീസ സർക്കാരുകളെ പോലെ ഔദ്യോഗിക അംഗീകാരം നൽകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിട്ടുണ്ട്.
സി.എ.ബാബു
പ്രസിഡന്റ്, സാന്ത്വനം ജീവകാരുണ്യ സമിതി, തൃശൂർ.