തൃശൂർ: കലാമണ്ഡലം കൽപ്പിത സർവകലാശാല ചാൻസലർ മല്ലിക സാരാഭായിക്ക് പ്രതിമാസ ഓണറേറിയവും ഓഫീസ് ചെലവിനുമായി രണ്ട് ലക്ഷം അനുവദിച്ച സർക്കാർ നടപടിയിൽ പ്രതിഷേധം ശക്തം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശമ്പളവർദ്ധനവ്, ഡി.എ കുടിശ്ശിക തുടങ്ങിയവ ലഭിക്കാത്ത സാഹചര്യത്തിലാണ് സർക്കാരിന് അധിക ബാദ്ധ്യതയുണ്ടാക്കുന്ന നടപടിയെന്ന് ജീവനക്കാർ പറയുന്നു.

നടപടിക്കെതിരെ ഇടത് സഹയാത്രികനായ കലാമണ്ഡലം മുൻ രജിസ്ട്രാർ ഡോ.എൻ.ആർ.ഗ്രാമപ്രകാശും രംഗത്തെത്തി. ദിവസേന ചെയ്യേണ്ട ഒരു ജോലിയുമില്ലാത്ത ചാൻസലർക്ക് ഇത്ര വലിയ തുക നൽകുന്നത് തെറ്റായ കീഴ്വഴക്കവും അധിക ബാദ്ധ്യത ഉണ്ടാക്കലുമാണെന്ന് അദ്ദേഹം പറഞ്ഞു. മല്ലികയേക്കാൾ യോഗ്യരായവരെ സർക്കാർ പരിഗണിച്ചില്ല. കലാമണ്ഡലം ഗോപിയാശാനെ വൈസ് ചാൻസലറാക്കണമെന്ന ആവശ്യവും ചെവിക്കൊണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കാലങ്ങളായി വിദ്യാർത്ഥികൾക്ക് നാമമാത്ര സ്‌റ്റൈപ്പന്റാണ് നൽകുന്നത്. അദ്ധ്യാപകരുടെ ഡി.എ കുടിശ്ശികയിൽ 25 ശതമാനം അടുത്തിടെയാണ് നൽകിയത്. മാസങ്ങൾക്ക് മുമ്പ് വരെ ശമ്പളവും മുടങ്ങി. പ്രതിവർഷ ഗ്രാന്റ് 7.6 കോടി, ഗഡുക്കളായാണ് നൽകുന്നത്. പ്രതിസന്ധി രൂക്ഷമാകുമ്പോൾ അഡീഷണൽ ഗ്രാന്റ് നൽകും. കഴിഞ്ഞ മാസം ഒരു കോടി ഗ്രാന്റ് കിട്ടിയതിനാൽ പ്രതിസന്ധി താത്കാലികമായി മാറി. ഗ്രാന്റ് വർദ്ധിപ്പിക്കണമെന്ന കാലങ്ങളായുള്ള ആവശ്യവും

പരിഗണിച്ചില്ല. കഥകളി ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ താത്കാലിക ജീവനക്കാർ അത്യാവശ്യമാണെങ്കിലും നിയമിച്ചിട്ടുമില്ല.