saleesh

തൃശൂർ: 14 മണിക്കൂർ തുടർച്ചയായി സോപാന സംഗീതം ആലപിച്ച് യൂണിവേഴ്‌സൽ വേൾഡ് റെക്കാഡ് നേടിയ ഇരിങ്ങാലക്കുട ചേലൂർ ഗുരുവിലാസത്തിൽ സലീഷ് നനദുർഗ നിരന്തര പഠനത്തിലാണ്.

കലാമണ്ഡലം ശിവദാസിൽ നിന്ന് ചെണ്ട പഠിച്ചായിരുന്നു തുടക്കം. ഇരിങ്ങാലക്കുട ഭാഗ്യലത ടീച്ചറിൽ നിന്ന് കർണാടക സംഗീതം അഭ്യസിച്ചു.

പണ്ഡിറ്റ് ആർ.ബി. നായരിൽ (മുംബയ്) നിന്ന് ഓൺലൈനായി ഹിന്ദുസ്ഥാനി സംഗീതം പഠിക്കുന്നു.

ഇരിങ്ങാലക്കുട രാജീവ് വാര്യരും നന്ദകുമാറും സോപാന സംഗീതത്തിലേക്കുള്ള വഴികാട്ടിയായി. പത്ത് കൊല്ലമായി സോപാന സംഗീതരംഗത്ത്. കലാപീഠം ഷിബുവിൽ (ചേർത്തല) നിന്ന് സോപാന സംഗീതത്തിലെ ക്ഷേത്രാവതരണം സംബന്ധിച്ച ചിട്ടവട്ടം പഠിച്ചു. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പരിപാടികളുടെ തിരക്കിനിടയിലും ഓപ്പൺ സ്‌കീമിൽ ബി.കോം പഠനവും തുടരുന്നുണ്ട്.

വെട്ടിക്കര നനദുർഗ നവഗ്രഹ ക്ഷേത്രത്തിൽ നിന്നാണ് സോപനത്തിന് തുടക്കമിട്ടത്. ഇവിടത്തെയും ആവണങ്ങാട്ട് കളരി ശ്രീ വിഷ്ണുമായ ക്ഷേത്രത്തിലെയും സോപാന ഗായകനാണ്. റിലീസാകാനിരിക്കുന്ന സിനിമയിലും സോപാനസംഗീതം അവതരിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 11നാണ് കൂടൽമാണിക്യം സായാഹ്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ കിഴക്കെനടയിൽ രാവിലെ അഞ്ച് മുതൽ വൈകിട്ട് ഏഴര വരെ സോപാനസംഗീതം ആലപിച്ചത്. ഒരു മണിക്കൂർ കഴിയുമ്പോൾ വെള്ളം കുടിക്കാനായി മൂന്ന് മിനിറ്റ് മാത്രമായിരുന്നു വിശ്രമം. ശിവൻ, ദേവി, അയ്യപ്പൻ, സംഗമേശ്വരൻ തുടങ്ങിയ ദേവതകളെക്കുറിച്ച് 78 സ്തുതികൾ പാടി. ഗുരുവായൂർ സ്വദേശി ജ്യോതിദാസിന്റെ റെക്കാഡാണ് വർഷങ്ങളുടെ തയ്യാറെടുപ്പിന് ശേഷമുള്ള അവതരണത്തിൽ മറികടന്നത്. 34കാരനായ സലീഷിന്റെ വിവാഹം നവംബർ പത്തിനാണ്. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന, ഗായിക കൂടിയായ ആറന്മുള സ്വദേശി വീണയാണ് വധു.

പ്രാർത്ഥനയായാണ് കൂടൽമാണിക്യ സ്വാമിക്ക് മുമ്പിൽ പരിപാടി അവതരിപ്പിച്ചത്. റെക്കാഡെന്ന ആശയം സുഹൃത്തുക്കളുടേതാണ്.

- സലീഷ് നനദുർഗ