
തൃശൂർ: ജീവനക്കാരുടെ കുറവിനെ തുടർന്ന് തീരദേശ ഹൈവേ നിർമ്മാണത്തിനുള്ള സ്ഥലമേറ്റെടുപ്പ് ജോലികൾ നീണ്ടേക്കും. പുതുതായി വേണ്ട 53 ജീവനക്കാരുടെ സ്ഥാനത്ത് തൃശൂർ കിഫ്ബിയുടെ സ്ഥലമേറ്റെടുപ്പ് ഓഫീസിലുള്ളത് 14 പേരാണ്. കിഫ്ബി ധനസഹായത്തോടെ നടപ്പാക്കുന്ന പദ്ധതികൾക്കുള്ള സ്ഥലമെടുപ്പ് ചുമതലയുള്ള ഈ ഓഫീസിന് മറ്റ് 15 പദ്ധതികളുടെ ചുമതലയുമുണ്ട്. സ്ഥലമേറ്റെടുപ്പിന് ശേഷമുള്ള നടപടികൾ പുരോഗമിക്കുന്ന അഞ്ച് പദ്ധതികൾ വേറെയുമുണ്ട്. 60 ശതമാനം ഭൂമിയും പുതുതായി ഏറ്റെടുക്കേണ്ടതാണ്. കൈവശക്കാർ കൂടുതലായതിനാൽ ജോലിഭാരവും കൂടുതലാണ്. കൂടുതൽ ജീവനക്കാരില്ലെങ്കിൽ സ്ഥലമേറ്റെടുപ്പ് മന്ദഗതിയിലാകും. ഒരു ലാൻഡ് അക്വിസിഷൻ (സ്ഥലമേറ്റെടുക്കൽ) ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകൾ കേന്ദ്രീകരിച്ച് രണ്ട് പുതിയ സ്ഥലമേറ്റെടുക്കലിനുള്ള പ്രത്യേക ഓഫീസുകൾ തുടങ്ങണമെന്നതാണ് ഉദ്യോഗസ്ഥരുടെ ആവശ്യം. നിലവിൽ സ്‌പെഷ്യൽ തഹസിൽദാറെയാണ് (കിഫ്ബി) സ്ഥലമേറ്റെടുക്കൽ ചുമതലയുള്ളയാളായി നിയമിച്ചിരിക്കുന്നത്.
ഏറ്റെടുക്കേണ്ടത് 101.38 ഹെക്ടർ
അഴീക്കോട്ട് നിന്നാരംഭിച്ച് പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് അയിരൂർ വരെയുള്ള ഹൈവേയിൽ 60 കിലോമീറ്ററാണ് ജില്ലയ്ക്ക് കീഴിലുള്ളത്. കൊടുങ്ങല്ലൂരിൽ എട്ടും ചാവക്കാട് ഒമ്പതും വില്ലേജിലൂടെ കടന്നുപോകും. 15.6 മീറ്റർ വീതിയിലുള്ള ഹൈവേയ്ക്ക് 101.38 ഹെക്ടറോളം ഏറ്റെടുക്കണം. ഇതിന് മുന്നോടിയായുള്ള സാമൂഹിക പ്രത്യാഘാത പഠനം പുരോഗമിക്കുകയാണ്.
ആവശ്യമുള്ള ഉദ്യോഗസ്ഥർ
ഡെപ്യൂട്ടി കളക്ടർ (എൽ.എ) 1
തഹസിൽദാർ (എൽ.എ) 2
സീനിയർ സൂപ്രണ്ട് 1
ജൂനിയർ സൂപ്രണ്ട് 3
വാല്യൂവേഷൻ അസിസ്റ്റന്റ്, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ/അസിസ്റ്റന്റ് 2 വീതം
റവന്യൂ ഇൻസ്‌പെക്ടർ, സർവേയർ 4 വീതം
ക്ലർക്ക്, ടൈപിസ്റ്റ്, പാർട് ടൈം സ്വീപ്പർ 3 വീതം
സീനിയർ ക്ലർക്ക് 10
ചെയിൻമാൻ 8
ഓഫീസ് അറ്റൻഡന്റ് 5
സ്ഥലമേറ്റെടുപ്പ് സമയബന്ധിതമായി പൂർത്തിയാക്കാൻ നിലവിലുള്ള സാഹചര്യത്തിൽ കഴിയില്ല. പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷ.
എ.എം.നൗഷാദ്
ജില്ലാ സെക്രട്ടറി
റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോ.