ചെറുതുരുത്തി: ഓടിക്കൊണ്ടിരുന്ന എറണാകുളം ടാറ്റാനഗർ എക്‌സ്പ്രസിന്റെ എൻജിനും ബോഗിയും വേർപെട്ടു. ട്രെയിനിന് വേഗം കുറവായതിനാൽ അപകടം ഒഴിവായി. ആർക്കും പരിക്കില്ല. ഈ റെയിൽപ്പാളത്തിലൂടെയുള്ള ട്രെയിൻ ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു. ഇന്നലെ രാവിലെ പത്തോടെ ചെറുതുരുത്തി വള്ളത്തോൾ നഗർ സ്റ്റേഷന് സമീപം പതിനഞ്ചാം പാലത്തിനടുത്തായിട്ടായിരുന്നു സംഭവം. ഏകദേശം 20 മീറ്ററോളം ബോഗി വേർപെട്ടു പോയി. സി.എം.ഡബ്ല്യു ഷൊർണൂർ യൂണിറ്റിലെ അംഗങ്ങളെത്തി ഒരു മണിക്കൂറോളമെടുത്ത് ബോഗികൾ കൂട്ടിച്ചേർത്തു. തുടർന്ന് ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും എസിയിലേക്കുള്ള ഇലക്ട്രിസിറ്റി അടക്കം ശരിയാക്കിയ ശേഷം ട്രെയിൻ യാത്ര പുനരാരംഭിച്ചു. ഷൊർണൂർ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സും,മെക്കാനിക്കൽ വിഭാഗവും,റെയിൽവേ കേരള പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.