മുണ്ടൂർ: തൃശൂർ- കുറ്റിപ്പുറം സംസ്ഥാനപാതയിലെ പുഴയ്ക്കൽ മുതൽ ചൂണ്ടൽ വരെയുള്ള ഭാഗങ്ങളിലെ താത്കാലിക കുഴിയടക്കൽ പ്രഹസനമായി. കഴിയടച്ച് ഒരാഴ്ച കഴിയുന്നതിനുമുമ്പ് തന്നെ വീണ്ടും റോഡ് തകർന്നു. പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ 29 ലക്ഷം രൂപ ചെലവാക്കിയാണ് കുഴികൾ അടച്ചത്. കുഴി അടക്കാൻ ഉപയോഗിച്ച മെറ്റൽ റോഡിൽ ചിതറിക്കിടക്കുകയാണ്. ഇതോടെ കുഴികളെല്ലാം വീണ്ടും റോഡിൽ പ്രത്യക്ഷപ്പെട്ടു. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ചിതറിക്കിടക്കുന്ന മെറ്റൽ കഷ്ണങ്ങൾ ഇരുചക്രവാഹനയാത്രക്കാരുടെ ദേഹത്ത് തെറിച്ച് വീണ് കൂടുതൽ അപകടം സൃഷ്ടിക്കുകയാണ്. ഇന്നലെ ബൈക്ക് യാത്രികന്റെ തലയിൽ മെറ്റൽ കഷ്ണം തെറിച്ചു വീണിരുന്നു. ഹെൽമെറ്റ് ധരിച്ചതിനാൽ അപകടം ഒഴിവായി. മഴ പെയ്യുന്നതോടെ കുഴികളിലെ വെള്ളക്കെട്ടും രൂക്ഷമായി. ശക്തമായ മഴയത്ത് സിമെന്റ് മാത്രം ഉപയോഗിച്ച് ചെയ്ത പണിയാണ് ഈ വിധം തകർന്നതെന്ന് നാട്ടുകാർ പറയുന്നു.
കുഴിടച്ചതോടെ യാത്രാ പ്രശ്‌നങ്ങൾക്ക് പരിഹാരമാകുമെന്ന യാത്രക്കാരുടെ പ്രതീക്ഷ വീണ്ടും മങ്ങി.

വാഴാനി കനാൽ ബണ്ട് റോഡിലും കിഴിയടയ്ക്കൽ പ്രഹസനം

വടക്കാഞ്ചേരി : തകർന്ന് തരിപ്പണമായ വാഴാനി കനാൽ ബണ്ട് റോഡിൽ തട്ടിക്കൂട്ട്് കുഴിയടക്കൽ നടത്തി അധികൃതർ.
പുന്നംപറമ്പ്- ചെന്നിക്കര റോഡ് നിർമ്മാണത്തിനായ് അടച്ചതോടെ വാഴാനി കനാൽ ബണ്ടിലൂടെയുള്ള വാഹനങ്ങളും നിരന്തരം യാത്ര ബണ്ട് റോഡ് തകർത്തെന്ന വാർത്ത കഴിഞ്ഞ ദിവസം കേരള കൗമുദി റിപ്പോർട്ട് ചെയിതിരുന്നു. ഇതെ തുടർന്നായിരുന്നു റോഡിലെ കുഴിയടക്കൽ. പുന്നംപറമ്പ് പഴയന്നൂപ്പാടം റൂട്ടിൽ സർവീസ് നടത്തുന്ന ഏഴ് സ്വകാര്യ ബസുകളടക്കം ഇതുവഴിയാണ് കടന്നുപോകുന്നത്. റോഡിലെ ഭീമൻ ഗർത്തങ്ങളിൽ ക്വാറിവേസ്റ്റും കല്ലുകളും നിക്ഷേപിച്ചു. ഇതോടെ ഈ റൂട്ടിൽ നടക്കുന്ന സാഹസിക യാത്രയക്ക് നേരിയ ശമനമുണ്ടെങ്കിലും മഴപ്പെയ്യുന്നതോടെ കുഴികൾ വീണ്ടും പഴയപോലെയാകുകയാണ്. ഇരുചക്ര വാഹന യാത്രയും ഏറെ ദുഷ്‌കരമാണ്.