കൊടുങ്ങല്ലൂർ: വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഹിയറിംഗിന് ഹാജരാകാൻ കഴിയാത്തവർക്ക് ഞായറാഴ്ച അനുവദിക്കണമെന്ന് ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പിനായി വോട്ടർ പട്ടിക പുതുക്കുന്നതിന്റെ ഭാഗമായി പേര് ചേർക്കലും ഹിയറിംഗും നടക്കുകയാണ്. ഓൺലൈനായി വോട്ടർ പട്ടികയിൽ അപേക്ഷിച്ചശേഷം അപേക്ഷകൻ രേഖകളുമായി പഞ്ചായത്തിൽ ഹിയറിംഗിന് ഹാജരായാൽ മാത്രമേ വോട്ടർ പട്ടികയിൽ ഉൾപ്പെടുകയുള്ളൂ.
ദൂരെദിക്കുകളിൽ ജോലിചെയ്യുന്നവർക്കും ഹോസ്റ്റലുകളിൽ താമസിച്ച് പഠിക്കുന്നവർക്കും വിദ്യാർത്ഥികൾക്കും ഹിയറിംഗിന് ഹാജരാകാൻ ബുദ്ധിമുട്ടുണ്ട്. ശനിയാഴ്ച വൈകീട്ട് മാത്രം വീടുകളിലേക്ക് തിരിച്ചെത്തുന്നവർ ആഴ്ചയിൽ ഒരു ദിവസം മാത്രമേ വീടുകളിലുണ്ടാകൂ. ഹിയറിംഗിന് ഹാജരാകാനുള്ള അവസരം ഇന്ന് വൈകീട്ട് അഞ്ചിന് അവസാനിക്കും. അതിനാൽ ജോലിത്തിരക്കും പഠനം മൂലവും ഹാജരാകാൻ കഴിയാത്തവർക്കായി ഞായറാഴ്ച കൂടി ഹിയറിംഗിന് അവസരം ഒരുക്കണമെന്നാണ് ആവശ്യം.
കോൺഗ്രസ് നിവേദനം നൽകി
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിച്ചവർക്ക് ഹിയറിംഗിന് ഞായറാഴ്ച കൂടി അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എറിയാട് പഞ്ചായത്ത് സെക്രട്ടറിക്ക് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം നൽകി. ടി.കെ. നസീർ, സി.ബി. ജമാൽ, എ.എം. നാസർ, പി.എം. ബാബുട്ടൻ, കെ.എ. നസീർ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.