
തൃശൂർ : ഭാര്യാ മാതാവിനെ വെട്ടിക്കൊലപ്പെടുത്തിയ മരുമകന് ജീവപര്യന്തം കഠിനതടവും അരലക്ഷം രൂപ പിഴയും. ചൊവ്വൂർ പാലയ്ക്കൽ തോട്ടുംകര പുത്തൻവീട്ടിൽ പ്രദീപ് കുമാർ എന്ന മണികണ്ഠനെയാണ് (46) തൃശൂർ നാലാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ.വി.രജനീഷ് ശിക്ഷിച്ചത്. 2012 നവംബർ ആറിനായിരുന്നു സംഭവം. ഭാര്യ വീട്ടിൽ ചെന്ന് ഭാര്യാമാതാവിനോട് റേഷൻ കാർഡ് ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്തിന് ഭാര്യാ മാതാവായ ചെമ്പംകണ്ടം പരേതനായ വാസു ഭാര്യ ശാന്തയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒല്ലൂർ സി.ഐയായിരുന്ന എൻ.കെ.സുരേന്ദ്രനാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനായി ജില്ലാ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സോളി ജോസഫ്, അഡ്വ.ഹണി ചരുവിൽ എന്നിവർ ഹാജരായി.