തൃശൂർ: സംസ്ഥാനത്ത് കവുങ്ങിൻ തോട്ടങ്ങളിൽ ചുവന്ന മണ്ഡരിയുടെ ആക്രമണം വ്യപകമാകുന്നു. മുൻവർഷങ്ങളിലും മണ്ഡരിയുടെ ആക്രമണം കൃഷിയിടങ്ങളിൽ കണ്ടിരുന്നുവെങ്കിലും കഴിഞ്ഞ രണ്ടു വർഷങ്ങളായിട്ടാണ് ആക്രമണം രൂക്ഷമായത്. തൃശൂർ, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിവിധ ഇടങ്ങളിൽ നിന്നും മണ്ഡരി ആക്രമണം കണ്ടെത്തിയിട്ടുണ്ട്. പുതുതായി കവുങ്ങിൻ കൃഷി ആരംഭിച്ച തോട്ടങ്ങളിൽ മൂന്നു നാല് വർഷം വരെ പ്രായമുള്ള തൈകളിലാണ് ചുവന്ന മണ്ഡരിയുടെ ആക്രമണം രൂക്ഷമായി കാണുന്നത്.
റവോയെല്ല ഇൻഡിക്ക എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ചുവന്ന മണ്ഡരി, ഓലയുടെ അടിഭാഗത്തു കൂട്ടമായിരുന്ന് നീരൂറ്റികുടിക്കുന്നു. തുടക്കത്തിൽ ഇല മഞ്ഞളിച്ച് പിന്നീട് ഓല കരിഞ്ഞു ഉണങ്ങുന്നു. ഈ മണ്ഡരി വളരെ ചെറിയതും വളരെ പതുകെ ചലിക്കുന്നതും മൂലം ഇതിന്റെ ആക്രമണം സാധാരണയായി ശ്രദ്ധയിൽ പെടാറില്ല. മണ്ഡരിയുടെ സാന്നിധ്യം ഉറപ്പുവരുത്താൻ ഇലയുടെ അടിഭാഗത്തു കൈവിരൽ കൊണ്ട് തുടച്ചുനോക്കിയാൽ വിരലിൽ കുങ്കുമനിറത്തിൽ കാണപ്പെടും.
മണ്ഡരിയുടെ ആക്രമണം പ്രാരംഭഘട്ടത്തിൽ നിയന്ത്രിക്കാൻ വെറ്റബിൾ സൾഫർ അഞ്ച് ഗ്രാം ഒരു ലിറ്റർവെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കണം. മഴക്കാലങ്ങളിൽ വെറ്റബിൾ സൾഫറിനൊപ്പം ലിറ്ററിന് ഒരു മില്ലി പശ ചേർത്ത് തളിക്കണം. ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡൈമെത്തോയേറ്റ് എന്ന കീടനാശിനി ഒന്നര മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാവുന്നതാണ്.
കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ കവുങ്ങിൽ മണ്ഡരിയുടെ ആക്രമണം രേഖപ്പെടുത്തിയ സാഹചര്യത്തിൽ കർഷകർ ജാഗ്രത പുലർത്തണം
(ഡോ.ഹസീന ഭാസ്‌കർ
പ്രൊഫസർ, കാർഷിക സർവകലാശാല)