ചാവക്കാട് : കടപ്പുറം പഞ്ചായത്തിൽ കടൽക്ഷോഭം തടയുന്നതിന്ന് അടിയന്തിരമായി താത്കാലിക കരിങ്കൽ ഭിത്തി നിർമ്മിക്കുന്നന്നതിനായി നാല് ലക്ഷം രൂപ പഞ്ചായത്തിന് കൈമാറിയതായി ജില്ലാ കലക്ടർ പറഞ്ഞു. കടലാക്രമണത്തിന് പരിഹാരം തേടി കടപ്പുറം തീരദേശ അവകാശ സംരക്ഷണ സമിതി നേതാക്കൾ ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ സർക്കാർ നിർദ്ദേശപ്രകാരം അറുപത് ലക്ഷം രൂപയുടെ മറ്റൊരു പദ്ധതി തയ്യാറാക്കുന്നുണ്ട്. ഇതോടെ താത്കാലിക ആശ്വാസമാകുമെന്നും കലക്ടർ ഉറപ്പുനൽകി. കടൽക്ഷോഭം രൂക്ഷമായ സ്ഥലങ്ങളിൽ അടിയന്തിരമായി കരിങ്കൽ ഭിത്തി നിർമ്മിക്കണമെന്നും കരിങ്കല്ലുകൾ ലഭ്യമാക്കണമെന്നും കളക്ടറേറ്റിൽ നടന്ന ചർച്ചയിൽ സമിതി നേതാക്കൾ ആവശ്യപ്പെട്ടു. ചെല്ലാനം മാതൃകയിൽ ടെട്രാ പോഡ് ഉൾപ്പെടെ അഴിമുഖം മുതൽ തൊട്ടാപ്പ് വരെ പുലിമുട്ടോട് കൂടി കടൽ ഭിത്തി നിർമ്മിക്കണം. അല്ലാത്ത പക്ഷം കടപ്പുറത്തെ ജനങ്ങൾ ഒറ്റക്കെട്ടായ അനിശ്ചിത കാല സമരം നടത്തുമെന്ന് സമിതി നേതാക്കൾ ജില്ലാ കകളക്ടറെ അറിയിച്ചു. സമിതി നേതാക്കളായ പി.കെ. ബഷീർ, സി.ബി.എ. ഫത്താഹ്, ഷുഹൈബ് കടപ്പുറം, എ.കെ. ഫൈസൽ, പി. എസ്. മുഹമ്മദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.