photo

വടക്കാഞ്ചേരി : പെട്രോൾ പമ്പുകളിൽ നിന്ന് ഇനി ഇന്ധനം ലഭിക്കണമെങ്കിൽ വാഹനം പമ്പിലെത്തണം. കുപ്പികളിൽ ഇന്ധനം നൽകുന്നത് നിരോധിച്ച തീരുമാനം നിലനിൽക്കുന്നതിനിടെ കന്നാസിലും ഇനി മുതൽ ഇന്ധനം നൽകില്ല. ഇന്ത്യൻ ഓയിൽ കോർപ്പറേഷന് കീഴിലുള്ള പമ്പുകളിൽ പുതിയ തീരുമാനം നടപ്പിലാക്കി തുടങ്ങി. ഇത് സംബന്ധിച്ച് പമ്പിൽ ബോർഡ് സ്ഥാപിച്ചു. കുപ്പികളിൽ പെട്രോളുമായെത്തി അക്രമി സംഘം ക്രൂരകൊലകൾക്ക് നേതൃത്വം നൽകുന്ന സംഭവം നിരന്തരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കുപ്പിയിൽ ഇന്ധനം നൽകുന്നത് നിരോധിച്ചത്.

കന്നാസിൽ നൽകുന്നതിന് വിലക്കുണ്ടായിരുന്നില്ല. കുപ്പികളിൽ ഇന്ധനം നൽകാൻ പാടില്ലെന്ന് എക്‌സ് പ്ലോസീവ് നിയമമുണ്ട്. പ്രത്യേക കന്നാസിൽ നൽകാമെന്നായിരുന്നു വ്യവസ്ഥ. ഇതുപ്രകാരം കന്നാസിൽ പെട്രോൾ ലഭ്യമാക്കുകയും ചെയ്തു. അതും നിരോധിച്ചതോടെ ഉപഭോക്താക്കൾ വല്ലാത്ത പ്രതിസന്ധിയിലായി.

വഴിയിൽ കുടുങ്ങിയാൽ പെട്ടു


ഇന്ധനം കഴിഞ്ഞ് വാഹനം വഴിയിൽ കുടുങ്ങുന്നവർ, ട്രാക്ടർ, ജെ.സി.ബി ഉടമകൾ, പുല്ലുവെട്ട് യന്ത്രം കൈകാര്യം ചെയ്യുന്നവർ, ജനറേറ്റർ ഉടമകൾ എന്നിവർക്കെല്ലാം വലിയ വെല്ലുവിളിയാകും തീരുമാനം. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പമ്പുകൾ മാത്രമുള്ള സ്ഥലങ്ങളിലാകും വലിയ കഷ്ടപ്പാട്.