കൊടുങ്ങല്ലൂർ: സിനിമ, സീരിയൽ, നാടകം, മിമിക്രി, സംഗീതം, മാജിക്, ചിത്രകല, ശിൽപകല ,കാർട്ടൂൺ എന്നിങ്ങനെ നിരവധി മേഖലകളിലുള്ളവരുടെ സാന്നിദ്ധ്യത്തിൽ ശിൽപ്പി ഡാവിഞ്ചി സുരേഷിന്റെ 50-ാം ജന്മദിനാഘോഷം. കണ്ണൂരിൽ നിന്നെത്തിയ കേരളത്തിലെ പ്രശസ്ത ശിൽപ്പിയായ ഉണ്ണി കാനായി നിർമ്മിച്ച സുരേഷിന്റെ ഫൈബർ ശിൽപ്പം ചടങ്ങിൽ സമ്മാനിച്ചു.
മൂന്നടിയോളം വലുപ്പത്തിൽ നിർമ്മിച്ച ഡാവിഞ്ചി സുരേഷിന്റെ മുഖവും വരയ്ക്കാൻ ഉപയോഗിക്കുന്ന ബ്രഷുകൾ വയ്ക്കുന്ന കുടവും ഉൾപ്പെട്ട ശിൽപ്പം ചടങ്ങിന്റെ മാറ്റുകൂട്ടി. നടൻ സലീം കുമാറും ഗായകനും നടനുമായ സമദ് സുലൈമാൻ, മിമിക്രി കലാകാരമാരായ സാജു കൊടിയൻ, വിനോദ് കെടാമംഗലം തുടങ്ങിയവരും കലാകാരന്മാരുടെ കൂട്ടായ്മയായ എക്‌സോടിക് ഡ്രീംസ്, ഡാവിഞ്ചി സുരേഷിന്റെ അടുത്ത ബന്ധുക്കളും നിരവധി വിവിധ മേഖലകളിലുള്ള കലാകാരന്മാരുടെയും സാന്നിദ്ധ്യത്തിലാണ് ചടങ്ങുകൾ നടന്നത്.
എക്‌സോട്ടിക് ഡ്രീംസ് കലാകുടുംബത്തിലെ കലാകാരന്മാർ വരച്ച സുരേഷിന്റെ മുഖ ചിത്രങ്ങൾ അടക്കം നിരവധി കലാകരന്മാരാണ് സമ്മാനങ്ങളുമായി വേദിയിൽ എത്തിയത്. മന്ത്രി ആർ. ബിന്ദു, ബെന്നി ബെഹന്നാൻ എം.പി, ഇ.ടി. ടൈസൺ എം.എൽ.എ, സംവിധായകരായ കമൽ, ലാൽ, നാദിർഷ, ഷാജോൺ തുടങ്ങിയവർ വീഡിയോയിലൂടെ സുരേഷിന് ആശംസകൾ അറിയിച്ചു.