ചാലക്കുടി: നിരവധി പരാതികൾക്ക് ശേഷം നഗരസഭയുടെ ക്രിമിറ്റോറിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. പദ്ധതി വിഹിതത്തിലെ 23 ലക്ഷം രൂപ ചെലവഴിച്ചാണ് മൂന്ന് ചേംബറുകളുടെ അറ്റകുറ്റപ്പണികൾ ഉൾപ്പെടെ നവീകരണം നടത്തിയത്. ചേംബറുകളുടെ അകത്തെ ദ്രവിച്ച കമ്പികളെല്ലാം മാറ്റി പുതിയത് സ്ഥാപിച്ചു. സംസ്‌കരണത്തിന് ശേഷമുള്ള അസ്ഥികൾ സൂക്ഷിക്കുന്നതിന് വലിയ കോൺക്രീറ്റ്
ടാങ്കും അസ്ഥികൾ ചാക്ക് കെട്ടുകളാക്കി സൂക്ഷിക്കുമ്പോൾ മഴ നനയാതിരിക്കാൻ മുകളിൽ വലിയ ഷെഡും നിർമ്മിച്ചു. മൃതദേഹങ്ങൾക്കൊപ്പം എത്തുന്ന റീത്തുകളും മൺകുടങ്ങളുടെ അവശിഷ്ടങ്ങളും ശേഖരിക്കാൻ മറ്റൊരു ടാങ്കും നിർമ്മിച്ചു. ശോച്യാവസ്ഥയിലായിരുന്ന ക്രിമിറ്റോയത്തിന്റെ പിന്നാമ്പുറം ടൈലിട്ട് നവീകരിച്ചു. ചോർച്ച തടയുന്നതിന് കെട്ടിടത്തിന് മുകളിൽ ട്രസ് വർക്കും ചെയ്തിട്ടുണ്ട്. ട്രീറ്റ്‌മെന്റ് പ്ലാന്റ്,പുകക്കുഴൽ എന്നിവയിലെ അപാകതളും പരിഹരിച്ചു. നവീകരിച്ച ക്രിമിറ്റോറിയം അഡൈ്വസറി കമ്മിറ്റി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. അംഗങ്ങൾ ചൂണ്ടിക്കാട്ടിയ പോരായ്മകളും ഉടനെ പരിഹരിക്കുമെന്ന് ചെയർമാൻ എബി ജോർജ്ജ് നിർദ്ദേശിച്ചു. ചേംബറിന് സമീപത്തെ ചുവരുകളിൽ ടൈൽ ഘടിപ്പിക്കൽ, മനോഹരമായ ബോർഡ് സ്ഥാപിക്കൽ തുടങ്ങിയവയാണ് അംഗങ്ങൾ ചൂണ്ടിക്കാട്ടിയത്. ചെയർമാൻ എബി ജോർജ്ജ്, വൈസ് ചെയർമാൻ ആലീസ് ഷിബു, കൗൺസിലർമാരായ ഷിബു വാലപ്പൻ, വി.ഒ.പൈലപ്പൻ, സി.എസ്.സുരേഷ്, എസ്്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി കെ.എ.ഉണ്ണിക്കൃഷ്ണൻ, പൗരസമിതി പ്രതിനിധി എൻ.കുമാരൻ തുടങ്ങിയവരാണ് അഡൈ്വസറി കമ്മറ്റി അംഗങ്ങൾ.
ചെലവ് 23 ലക്ഷം രൂപ
അസ്ഥികൾ സൂക്ഷിക്കുന്നതിന് കോൺക്രീറ്റ് ടാങ്ക്
റീത്തുകൾക്കും മൺകുട അവശിഷ്ടങ്ങൾക്കും മറ്റൊരു ടാങ്ക്
ശോച്യാവസ്ഥലായ ഭാഗം ടൈലിട്ട് നവീകരിച്ചു
ചോർച്ച് നടയാൻ ട്രസ് വർക്ക്
ട്രീറ്റ്‌മെന്റ് പ്ലാന്റ്,പുകക്കുഴൽ അപാകതകൾ പരിഹരിച്ചു
നഗരസഭ ശ്മശാനത്തിൽ മൃതദേഹങ്ങളോട് അനാദരം കാട്ടിയെന്നാരോപിച്ച് പ്രതിഷേധം ശക്തമായിരുന്നു. ചേംബറിൽ നിന്നും ശേഖരിച്ച അസ്ഥികൾ കെട്ടിടത്തിന് പിൻഭാഗത്ത് ചാക്കു കെട്ടിലാക്കി സൂക്ഷിച്ച് വയ്ക്കുകയും ഇവ മഴക്കാലത്ത് നനഞ്ഞ് കുതിർന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുകിയിരുന്നു.
മൃതദേഹങ്ങൾ സംസ്‌കരിക്കുമ്പോൾ ചേംബറിലെ തീയും പുകയും പുറത്തേയ്ക്ക് കടക്കുന്നതും പ്രധാന പ്രശ്‌നമായിരുന്നു. ഇതോടൊപ്പം മണവും പുറത്തുവന്നിരുന്നു. ചേംബറുകൾ കൃത്യമായി അടയ്ക്കാൻ കഴിഞ്ഞിരുന്നില്ല. കെട്ടിടത്തിൽ ചോർച്ചയും അനുഭവപ്പെട്ടിരുന്നു.