
തൃശൂർ: കരുവന്നൂർ തട്ടിപ്പ് കേസിൽ നേരിട്ട് പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിൽ സി.പി.എം ജില്ലാക്കമ്മിറ്റി പിരിച്ചുവിടണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് നിക്ഷേപ തട്ടിപ്പ് കേസിൽ ഒരു പാർട്ടി നേതൃത്വം മുഴുവൻ പ്രതിക്കൂട്ടിലാകുന്നത്. സാധാരണക്കാരായ നിക്ഷേപകരെയാണ് സി.പി.എം നേതാക്കൾ കൊള്ളയടിച്ചത്. കരുവന്നൂരിലെ തട്ടിപ്പ് പണം കൈപ്പറ്റിയെന്ന് ഇ.ഡി കണ്ടെത്തിയ സാഹചര്യത്തിൽ നിക്ഷേപകർക്ക് പണം തിരികെ നൽകേണ്ട ഉത്തരവാദിത്വം സി.പി.എം ഏറ്റെടുക്കണം. സി.പി.എമ്മും നേതാക്കളും തട്ടിച്ചുണ്ടാക്കിയ സ്വത്തുവകകൾ വിറ്റഴിച്ചായാലും നിക്ഷേപകർക്ക് പണം മടക്കി നൽകണം. ബി.ജെ.പി-സി.പി.എം ഒത്തുകളിയാണെന്ന് പറഞ്ഞ കോൺഗ്രസ് നേതൃത്വം വസ്തുതകൾ പുറത്തുവരുമ്പോൾ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നും അനീഷ് ചോദിച്ചു.