sn-trust

തൃപ്രയാർ: ദേശീയപാത 66 ന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി നാട്ടികയിൽ നിന്നും ആരംഭിക്കുന്ന ബൈപാസിന് സമാന്തരമായി കിഴക്കേ ടിപ്പു സുൽത്താൻ റോഡിന് പടിഞ്ഞാറ് വശം താമസിക്കുന്നത് വെള്ളത്തിൽ. ജെ.കെ തിയേറ്ററിനും ടി.എസ്.ജി.എ സ്റ്റേഡിയത്തിനുമിടയിൽ കിടക്കുന്ന പ്രദേശം കഴിഞ്ഞ ഒന്നര മാസമായി പുഴയായി. ഇതേ വഴിയേ വെള്ളമൊഴുകിയിരുന്ന അങ്ങാടിത്തോട് ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി അടഞ്ഞതാണ് കാരണം.

പ്രദേശവാസികളായ 30ൽപരം വീടുകളിലെ നൂറോളം മനുഷ്യർക്ക് പുറത്തിറങ്ങാനാകുന്നില്ല. എസ്.എൻ ട്രസ്റ്റ് സ്‌കൂൾ റോഡിലൂടെയുള്ള വാഹനഗതാഗതം നിലച്ചു. റോഡിൽ വെള്ളം കെട്ടി നിൽക്കുകയാണ്. ഇതുമൂലം തുടർച്ചയായി പകർച്ച വ്യാധികൾ പടരുന്ന അവസ്ഥയാണ്. വെള്ളം കയറി പ്രദേശത്തെ കെട്ടിടങ്ങൾക്കും വീടുകൾക്കും കേടുപാടുണ്ടായി. കിടപ്പുരോഗികളും വൃദ്ധരും ദുരിതക്കയത്തിലാണ്. ഭീതിജനകമായ ഈ അവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാൻ അധികാരികൾ തയ്യാറായിട്ടില്ല. അങ്ങാടിത്തോട് ടി.എസ്.ജി.എ സ്റ്റേഡിയത്തിന് സമീപം സ്വകാര്യവ്യക്തി മൂടിയതാണ് വെള്ളം ഒഴുകിപ്പോകാതിരിക്കാനുള്ള കാരണമായി നാട്ടുകാർ പറയുന്നത്.

പ്രക്ഷോഭത്തിനിറങ്ങും

പ്രദേശത്തെ മുഴുവൻ ജനങ്ങളെയും സംഘടിപ്പിച്ച് പ്രക്ഷോഭത്തിന് ഇറങ്ങുമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് മുന്നറിയിപ്പു നൽകി. പൊന്നാഞ്ചേരി ബാബുരാജ്, കെ.കെ.പുഷ്‌കരൻ, എ.കെ.തിലകൻ, ഐ.പി.മുരളി എന്നിവർ പങ്കെടുത്തു.

സ്വകാര്യ വ്യക്തി മണ്ണിട്ട് മൂടിയ അങ്ങാടിത്തോട് താത്കാലികമായി തുറന്നിട്ടുണ്ട്. അങ്ങാടിത്തോടുമായി ബന്ധപ്പെട്ട് മൂടിപ്പോയ തണ്ണീർത്തടങ്ങൾ തുറക്കാനാവശ്യമായ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് കളക്ടർക്ക് പഞ്ചായത്ത് നിവേദനം നൽകിയിട്ടുണ്ട്.

എം.ആർ.ദിനേശൻ

പ്രസിഡന്റ്

നാട്ടിക പഞ്ചായത്ത്