1
മോഷ്ടാക്കളുടെ വിളനിലമായ പൂത്തോൾ വഞ്ചിക്കുളം റോഡിൽ ബൈക്കുകൾ നിറുത്തിയിട്ടിരിക്കുന്നു.

തൃശൂർ: നഗരത്തിൽ റെയിൽവേ സ്‌റ്റേഷൻ പരിസരം വാഹന മോഷ്ടാക്കളുടെ വിഹാരകേന്ദ്രമാകുന്നു. രണ്ട് ദിവസത്തിനുള്ളിൽ മൂന്ന് ബൈക്കുകളാണ് ഇവിടെ നിന്നും മോഷ്ടിക്കപ്പെട്ടത്. മലപ്പുറത്ത് നിന്ന് മോഷ്ടിച്ച ബൈക്ക് പൊലീസ് കണ്ടെടുത്തതും റെയിൽവേ സ്റ്റേഷൻ വഞ്ചിക്കുളം റോഡിൽ നിന്നായിരുന്നു. ഈ കേസിലെ പ്രതിയെ പിടികൂടിയെങ്കിലും റെയിൽവേ സ്റ്റേഷൻ പരിസരത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയ കേസിൽ ആരെയും പിടികൂടാനായിട്ടില്ല.

കഴിഞ്ഞദിവസം രാത്രി പൂത്തോൾ റോഡിലൂടെ ബൈക്ക് തള്ളിപ്പോകുന്നത് ശ്രദ്ധയിൽപ്പെട്ട് എതാനും പേർ പിന്തുടർന്നതോടെ റോഡരികിൽ വച്ച് മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. ഉടൻ പൊലീസിൽ അറിയിച്ചെങ്കിലും റെയിൽവേ സ്റ്റേഷനിലൂടെ രക്ഷപ്പെട്ട പ്രതിയെ പിടികൂടാനായില്ല. ഇയാളുടെ കൂട്ടാളിയെന്ന് സംശയിക്കുന്ന മറ്റൊരാളെ കസ്റ്റഡിയിലെടുത്തെങ്കിലും കൂടുതൽ വിവരം ലഭിച്ചിട്ടില്ല. കഴിഞ്ഞ കുറെ നാളായി റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ് ഫോമിന്റെ ഭാഗം സാമൂഹിക വിരുദ്ധരുടെ താവളമാണ്.

റോഡരികിലും മറ്റും പാർക്ക് ചെയ്യുന്ന വാഹനങ്ങൾ രാത്രിയിൽ മറ്റൊരിടത്തേക്ക് മാറ്റി വച്ച് ആരും വരുന്നില്ലെന്ന് ഉറപ്പാക്കി കടത്തിക്കൊണ്ടുപോകുന്നതാണ് മോഷ്ടാക്കലുടെ ശൈലി. ദൂര സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവരും മറ്റും ബൈക്കുകൾ നിറുത്തിയിട്ടശേഷം ദിവസങ്ങൾ കഴിഞ്ഞേ എടുക്കാറുള്ളൂ. ഇത്തരം വാഹനങ്ങൾ നോട്ടമിടുന്ന ഒരു സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചന.

ഹെൽമെറ്റ് - പെട്രോൾ മോഷണവും

നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ നിന്ന് പെട്രോൾ മോഷ്ടിക്കുന്നത് പതിവാണ്. പകൽ വണ്ടി വച്ച് രാത്രി വരുന്നവരാണ് ഇത്തരം സംഘങ്ങളുടെ ഇര. പലപ്പോഴും പെട്രോൾ ഊറ്റിയത് അറിയാതെ വണ്ടിയെടുത്ത് പോകുന്ന പലരും വഴിയിൽ കുടുങ്ങും. നേരത്തെ വാഹനങ്ങളിലെ ഹെൽമെറ്റ് മോഷണവും പതിവായിരുന്നു.

കൂരിരുട്ട് മറ പിടിക്കും

നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളെല്ലാം ഇരുട്ടിലാണ്. ഇത് സാമൂഹികദ്രോഹികൾ സഹായകമാകുന്നുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറൻ മേഖലയിലെ പല ഭാഗങ്ങളിലും വൈദ്യുതി വിളക്കില്ല. ശക്തൻ ബസ് സ്റ്റാൻഡ് പരിസരത്തെ പല ഭാഗങ്ങളും ഇരുട്ടിലാണ്. ബസുകൾ സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കൂരിരുട്ടാണ്. ജോലി കഴിഞ്ഞും മറ്റും സ്ത്രീകളടക്കം പോകുന്ന സ്ഥലമായ ഇവിടെ അടുത്തെത്തിയാൽ പോലും ആളെ അറിയാനാകില്ല. തേക്കിൻകാട് മൈതാനിയിലെ ആനക്കൊട്ടിലിന്റെ വടക്കു ഭാഗവും നിരന്തരം ആൾ സഞ്ചാരമുള്ള സ്ഥലമായിട്ട് കൂടി വൈദ്യുതി വിളക്കുകൾ ഇല്ലാത്തത് ഏറെ ദുരിതമാണ്. പലപ്പോഴും ഇവിടെ പിടിച്ചു പറിയും മറ്റും നടക്കുന്നതായും പരാതിയുണ്ട്.